
കുവൈത്ത്സിറ്റി ● ക്രൂശിനോട് ചേർന്നുനിൽക്കുന്നവർക്ക് രക്ഷയുടെ പൂർണ്ണാനുഭവം ഉറപ്പായുണ്ടാകുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
കുവൈത്ത് സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ നടന്ന സ്ലീബാ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
കര്‍ത്താവിൻ്റെ രക്ഷാകരമായ വീണ്ടെടുപ്പാണ് സ്ലീബാ പെരുന്നാളിൽ അനുസ്മരിക്കുന്നത്. ക്രൂശോളം താഴുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഓരോ സ്ലീബാ പെരുന്നാൾ ആഘോഷവും. സ്നേഹം മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന് പുതിയ ദിശാബോധവും പ്രകാശവും നൽകാൻ ക്രൂശിൻ്റെ സ്നേഹം നമ്മെ ബലപ്പെടുത്തട്ടെയെന്നും സഹജീവികളെ സ്നേഹിക്കുകയും അവരെ കരുതുകയും ചെയ്യുമ്പോൾ ക്രൂശിലെ സ്നേഹത്തിൻ്റെ സാക്ഷികളായി നാം മാറുന്നുവെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
ക്രിസ്തുവിന്റെ കുരിശിലെ സഹനമാണ് രക്ഷയുടെ പാത. സഹനത്തിന്റെ വഴി തിരഞ്ഞെടുക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും പരമമായ നിയോഗമാണ്. പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിൽ കുരിശിനെ കവചമാക്കി മുന്നോട്ട് പോകാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. പൗരസ്ത്യസഭയുടെ ആത്മീയത വളർന്നത് കണ്ണുനീരിലൂടെയും കഷ്ടതയിലൂടെയുമാണെന്നും അനേകം രക്തസാക്ഷികളും വിശുദ്ധരും കുരിശിന്റെ വഴിയിലൂടെയാണ് നടന്നതെന്നും ബാവ പറഞ്ഞു.
ഇടവകയുടെ 52-ാം വാർഷിക ദിനാഘോഷവും തുടർന്ന് ശ്രേഷ്ഠ ബാവായ്ക്ക് അനുമോദനവും നടന്നു. വിശുദ്ധ കുർബ്ബാന അർപ്പിക്കുവാനായി എഴുന്നള്ളി വന്ന ശ്രേഷ്ഠ ബാവായെ കുവൈത്ത് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തയും പള്ളി വികാരിമാരും വൈദികരും നൂറു കണക്കിന് വിശ്വാസികളും ചേർന്ന് സ്നേഹനിർഭരമായി സ്വീകരിച്ചു.











