
മണർകാട് ● വിശ്വാസസമൂഹത്തിന് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കാത്തിരിപ്പിന്റെ പ്രത്യാശ നൽകി എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടച്ചു. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വി. സ്ലീബാ പെരുന്നാൾ ദിനമായ ഇന്നലെ സന്ധ്യാപ്രാർത്ഥനയോടെയാണ് നടയടച്ചത്.
പ്രതിസന്ധികളിലും വേദനകളിലും പതറാതെ പരിശുദ്ധ അമ്മയെ പോലെ ക്ഷമ ഉൾക്കൊണ്ടു കുരിശിന്റെ സമീപം നിൽക്കാൻ കഴിയണമെന്നു അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു.
പ്രാർഥനയ്ക്കു ഒടുവിൽ ഭക്തർ ഈണത്തിൽ പാടിയ “നിന്നാൾ സ്തുതിയൊടു രാജമകൾ…” എന്ന കുക്കിലിയോൻ ഗാനത്തോടെ പ്രധാന മദ്ബഹയിലെ തിരശീല മെല്ലെ തെക്കുനിന്നു വലത്തോട്ടു നീങ്ങി.
പിന്നാലെ പുണ്യദർശനത്തിൻ്റെ അപൂർവമായ എട്ടു സുകൃത ദിനങ്ങൾ നൽകിയ വി. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം കാണാമറയത്തായി. എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ മാത്രമാണു വിശ്വാസി സമൂഹത്തിനു വി. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്ര ദർശനത്തിനായി നട തുറക്കുന്നത്. എട്ടുനോമ്പിന്റെ ഏഴാം നാളിലാണ് ഇനി തിരുനട തുറക്കുക. ദർശന പുണ്യ സൗഭാഗ്യത്തിനായി ഒരു നാടിന്റെ ഒന്നടങ്കമുള്ള കാത്തിരിപ്പ് ആരംഭിച്ചു.
ഇന്നലെ രാവിലെ സ്ലീബാ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്കു അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനായി. മണർകാട് പള്ളിയിലെ ദീപാലങ്കാരങ്ങളും ഇന്നലെ സമാപിച്ചു. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് സെപ്റ്റംബർ 1 മുതൽ ഓരോ ദിവസവും വി. ദൈവമാതാവിൻ്റെ നടയിൽ വന്ന് നേർച്ചക്കാഴ്ചകളോടെ അനുഗ്രഹീതരായത്.



