അങ്കമാലി ● സഭയുടെ വിശ്വസ്ത പുത്രനും മുൻ മന്ത്രിയും എഴുപതുകളിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ ധീരോദാത്തമായ നേതൃത്വം കൊടുത്ത് എന്നും നീതിയുടെ ശബ്ദമായിരുന്ന കമാണ്ടർ പി.പി. തങ്കച്ചന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 13 ശനി) ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ മരണാനന്തര ശുശ്രൂഷകൾ ആരംഭിക്കും. 2.30 ന് ഭൗതികദേഹം ഇടവക പള്ളിയായ നെടുമ്പാശ്ശേരി അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എത്തിച്ചേരും. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികൾ നൽകി ആദരിക്കും. തുടർന്ന് മരണാനന്തര ശുശ്രൂഷയുടെ അവസാന ക്രമം പളളിയിൽ ആരംഭിക്കും. വൈകിട്ട് 4 ന് സെമിത്തേരിയിൽ സംസ്കാരം നടത്തും. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തയും സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
ഇന്നലെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് വിലാപ യാത്രയായി മൃതദേഹം പെരുമ്പാവൂരിലെ പൈനാടത്ത് (രേഖാഭവൻ) വീട്ടിലെത്തിച്ചു. രാവിലെ മുതൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനായി അണമുറിയാത്ത ജന പ്രവാഹമായിരുന്നു. ഇന്ന് ഉച്ചവരെ അന്തിമോപചാരം അർപ്പിക്കാൻ ഭവനത്തിൽ സൗകര്യമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, സിപിഎം സം സ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടറി എസ്. സതീഷ്, എം.എം. ഹസൻ, പി.സി. ചാക്കോ, എ.എൻ. രാധാകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, മുൻമന്ത്രി കെ.ഇ. ഇസ്മായിൽ, ടി.യു. കുരുവിള, പന്തളം സുധാകരൻ, പി.സി തോമസ്, ഡൊമിനിക് പ്രസൻ്റേഷൻ, കെ.എസ് ശബരീനാഥൻ, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.പി. ധനപാലൻ, ജോസഫ് വാഴയ്ക്കൻ സാജു പോൾ, അബ്ദുൾ മുത്തലിഫ്, ജെയ്സൻ ജോസഫ്, ഐ.കെ. രാജു, ടി.എം. സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ, പി.ജെ ജോയി, അഡ്വ. എൻ.സി. മോഹനൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, അഭിവന്ദ്യരായ മോർ അഫ്രേം മാത്യൂസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ ക്ലീമീസ് കുര്യാക്കോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് എന്നിവർ പ്രാർത്ഥന നടത്തി. വർക്കിങ് കമ്മിറ്റിയംഗം ഫാ. ജോൺ പാത്തിക്കൽ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദികർ, സഭാ സമിതിയംഗങ്ങൾ തുടങ്ങിവർ അന്തിമോപചാരമർപ്പിച്ചു.



