മണർകാട് ● കുടുംബാന്തരീക്ഷം പരി. ദൈവമാതാവിൻ്റെ നിറസാന്നിധ്യമുള്ളതാക്കി മാറ്റിയെടുക്കുമ്പോൾ ഏത് പ്രതിസന്ധിയെയും പ്രതികൂലതകളെയും അതിജീവിക്കാനുള്ള ശക്തിയും കരുത്തും ലഭിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ.
വി. ദൈവമാതാവിൻ്റെ നിറസാന്നിധ്യമുള്ളപ്പോൾ, ആശ്വാസം തരുന്നവനായ ദൈവം കൂടെയുണ്ടെന്ന ബോധ്യത്തിൽ വിശ്വാസികൾക്ക് മുന്നോട്ട് പോകാനാകും. എന്നാൽ ഇന്നത്തെ സമൂഹത്തിൽ സംഭവിക്കാനിരിക്കുന്ന പ്രതിസന്ധികളെ മുൻകൂട്ടി തിരിച്ചറിയാനുള്ള വരം പലർക്കും നഷ്ടപ്പെട്ടിട്ടില്ലേയെന്ന ചോദ്യമാണ് നമ്മെ നേരിടുന്നതെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
ദൈവം തന്ന നന്മകളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്ന മനോഭാവത്തിലാണ് വിശ്വാസികൾ ജീവിക്കേണ്ടത്. ലഭിക്കാത്ത അനുഗ്രഹങ്ങളെ കുറിച്ച് നിരാശപ്പെടുകയോ പരിഭവപ്പെടുകയോ ചെയ്യാതെ, ലഭിച്ച അനുഗ്രഹങ്ങൾക്കനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യണം. മനുഷ്യന്റെ മുഴുവൻ പരിശ്രമവും അവന്റെ എല്ലാ ആഗ്രഹങ്ങളും ആശ്വാസത്തിനായുള്ള തിരച്ചിലാണ്. ജീവിതത്തിന്റെ വഴിത്തിരിവുകളിൽ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവിച്ച് ഗതിമുട്ടുന്ന അനേകം പേർക്ക് ഇന്ന് ഏറ്റവും ആവശ്യമുള്ളത് ആശ്വാസത്തിന്റെ ഒരു തീരമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ മുൻകൂട്ടി തിരിച്ചറിയാനും അതിനെ മറികടക്കാനുള്ള കരുത്ത് നേടാനും ദൈവത്തോട് ചേർന്ന് പ്രാർത്ഥിക്കുന്ന വിനയമുള്ള മനോഭാവമാണ് അനിവാര്യമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. എല്ലാറ്റിനും ഒരൊറ്റ മറുപടിയാണ് ക്രിസ്തു തന്നെയാണ്. അമ്മയുടെ വിശ്വാസം ക്രൂശോളം എത്തിച്ച വിശ്വാസമായിരുന്നു. അതുപോലെ നമ്മുടേയും ജീവിതത്തിൽ പ്രയാസങ്ങളും കഷ്ടപ്പാടുകളും നേരിടുമ്പോൾ ക്രൂശിനെ നോക്കി മുന്നേറുകയാണ് കരുത്ത് നേടാനുള്ള വഴിയെന്നും ശ്രേഷ്ഠ ബാവ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
പരിശുദ്ധ അമ്മയുടെ പരിപാലനം തരുന്ന കരങ്ങളും സുരക്ഷിതത്വം തരുന്നതായ കണ്ണുകളും എപ്പോഴും നമുക്ക് മനസ്സിൽ ധ്യാനിക്കുവാൻ സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. നാനാജാതി മതസ്ഥരായ, നന്മയുള്ള മനുഷ്യസമൂഹത്തിന്റെ ഒത്തുചേരലിന്റെയും കൂടിവരവിന്റെയും പ്രതീകമാണു മണർകാട് പള്ളിയെന്നു ശ്രേഷ്ഠ ബാവാ കൂട്ടിച്ചേർത്തു.
മിഴിനീരോടെ പ്രാർത്ഥനകൾ ഉരുവിട്ടുനിന്ന വിശ്വാസി സഹസങ്ങൾക്കു ദർശന സൗഭാഗ്യമായി മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട തുറന്നു. ‘നിന്നാൾ സ്തുതിയൊടു രാജമകൾ’ എന്ന മധ്യസ്ഥ പ്രാർഥനയെ തുടർന്നു മദ്ബഹ യിലെ വിരി നീങ്ങിയതോടെ, പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിച്ച് വിശ്വാസികൾ പ്രാർഥനയിൽ അലിഞ്ഞു.




