പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനും, മുൻ സഭാ വര്‍ക്കിഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗവും കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കമാണ്ടര്‍ ശ്രീ. പി.പി. തങ്കച്ചന്റെ ദേഹവിയോഗം പരിശുദ്ധ സഭയ്ക്കും പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
പരിശുദ്ധ സഭയുടെ പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യേകിച്ച് എഴുപതുകളിൽ ആലുവായിൽ നടന്ന വിശ്വാസ സംരക്ഷണ പോരാട്ടത്തിലും ധീരോദാത്തമായ നേതൃത്വം കൊടുത്ത മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പരിശുദ്ധ സഭയ്ക്കു വേണ്ടി വിശ്വാസികൾക്കൊപ്പം മർദ്ദനവും പീഡനവും സഹിച്ച് പോരാടിയ തികഞ്ഞ സഭാ സ്നേഹി കൂടിയായിരുന്ന അദ്ദേഹം സഭയ്ക്ക് നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും. കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന ബാവായുടെ വിശ്വസ്തനായിരുന്ന കമാണ്ടർ പി. പി. തങ്കച്ചൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും വളർച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചുവെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ആഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും പരിശുദ്ധ സഭയുടെയും സഭാ സമിതികളുടെയും ആദരാഞ്ജലികൾ പ്രാർത്ഥനാപൂർവ്വം അർപ്പിക്കുന്നതായും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
11/09/2025



