
മണർകാട് ● മനുഷ്യർ സ്നേഹത്തിന് വേണ്ടി യാചിക്കുന്ന സന്ദർഭത്തിൽ സഹായ ഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശമാണ് മണർകാട് ദൈവാലയം ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെന്റ് മേരീസ് ഹോസ്പിറ്റലിലെ ഡയാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോർ എപ്പിസ്ക്കോപ്പ സ്ഥാനം ലഭിച്ച കത്തീഡ്രൽ സഹവികാരി വന്ദ്യ ജെ. മാത്യു മണവത്ത് കോർ എപ്പിസ്ക്കോപ്പയെ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കത്തീഡ്രലിന്റെ ഉപഹാരം നൽകി ആദരിച്ചു. സെൻറ് മേരീസ് ഹോസ്പിറ്റലിലെ ജെറിയാട്രിക് ഡിപ്പാർട്ട്മെൻറിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപിയും, സെൻ്റ് മേരീസ് സൺഡേ സ്കൂളുകളുടെ സ്മാർട് ക്ലാസ് ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എയും നിർവഹിച്ചു.
വന്ദ്യ ജെ. മാത്യു കോർ എപ്പിസ്ക്കോപ്പ മണവത്ത്, വന്ദ്യ ഫാ. കുറിയാക്കോസ് കോർ എപ്പിസ്ക്കോപ്പ കിഴക്കേടത്ത്, ഫാ. ലിറ്റു തണ്ടാശേരിൽ, ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല എന്നിവർ പ്രസംഗിച്ചു.
ഇന്നലെ സെപ്റ്റംബർ 4 വ്യാഴാഴ്ച രാവിലെ താഴത്തെ പള്ളിയിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു.



