
മണർകാട് ● മഴ മാറിനിന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസി സാഗരത്തെ സാക്ഷിയാക്കി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി.
കത്തീഡ്രൽ പള്ളിയിൽ പ്രത്യേക പ്രാർഥനയ്ക്ക് ശേഷം ഉച്ചക്ക് 2 മണിക്കാണ് വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസികൾ കൊടിമരം എടുക്കുന്നതിനായി പുറപ്പെട്ടത്. അരീപ്പറമ്പ് കരയിൽ പാതയിൽ പി.എ. കുരുവിളയുടെ പുരയിടത്തിൽ നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത മരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലെത്തിച്ചു. കരോട്ടെ പള്ളിചുറ്റി കത്തീഡ്രൽ അങ്കണത്തിലെത്തിയ വിശ്വാസികൾ കൊടിമരവുമായി ദൈവാലയത്തിന് 3 തവണ പ്രദക്ഷിണം വച്ചു. പാത്രിയാർക്കൽ പതാകയുമായി വിശ്വാസവും ഏറ്റുപറഞ്ഞു. തുടർന്ന് ചുറ്റുവിളക്കിന് മുന്നിൽ തിരി തെളിച്ചശേഷം കൊടിമരം ഒരുക്കി കുരിശ് സ്ഥാപിച്ചു.
പച്ചിലകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച കൊടിമരത്തിൽ ഇടവകയിലെ മുതിർന്ന അംഗം സി.എം. ജേക്കബ് ചെമ്മാത്ത് പ്രധാന കൊടി കെട്ടി. ശേഷം പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മോർ തിമോത്തിയോസ് തോമസ് മെത്രാപ്പൊലീത്ത പ്രത്യേക പ്രാർഥന നടത്തി. വന്ദ്യ കുര്യാക്കോസ് കറുകയിൽ കോറെപ്പിസ്കോപ്പ, വന്ദ്യ ജെ. മാത്യു മണവത്ത് കോറെപ്പിസ്കോപ്പ എന്നിവരും, വൈദീകരും സഹ കാർമികരായി. തുടർന്ന് വിശ്വാസികൾ ഒത്തുചേർന്ന് കൊടിമരം ഉയർത്തി. കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തി.
സെപ്റ്റംബർ 6നാണ് ഏഷ്യയിലെ ഏറ്റവും വലിയ അദ്ധ്യാത്മിക ഘോഷയാത്ര എന്ന് അറിയപ്പെടുന്ന റാസ നടത്തപ്പെടുന്നത്, ചരിത്ര പ്രസിദ്ധമായ നടതുറക്കൽ സെപ്റ്റംബർ 7ന് നടക്കും. 8നാണ് പ്രധാന പെരുന്നാൾ. സെപ്റ്റംബർ 14ന് നട അടയ്ക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
എട്ടുനോമ്പിന്റെ മൂന്നാം ദിനമായ സെപ്റ്റംബർ 3 ബുധനാഴ്ച (നാളെ) രാവിലെ 6 മണിക്ക് കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബ്ബാന, 7:30ന് താഴത്തെ പള്ളിയിൽ പ്രഭാത നമസ്കാരം, 8:30ന് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത തിരുമനസ്സിലെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് പെരുന്നാൾ സന്ദേശം, ഉച്ചക്ക് 12 മണിക്ക് ഉച്ച നമസ്ക്കാരം, 2:30 മുതൽ റവ.ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ നയിക്കുന്ന പ്രസംഗം, വൈകുന്നേരം 5 മണിക്ക് സന്ധ്യാ നമസ്കാരം, 6 മണിക്ക് മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും തുടങ്ങിയ ചടങ്ങുകൾ നടത്തപ്പെടും.

