
മണർകാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. ജെ. മാത്യു മണവത്ത് (68) കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന മധ്യേ കോട്ടയം ഭദ്രാസനാധിപനും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയാണ് കോറെപ്പിസ്കോപ്പ സ്ഥാനം നൽകിയത്.
ബഹു. തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. റെജി സക്കറിയ, സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജയ്ക്ക് സി തോമസ്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി എന്നിവർ നവാഭിഷിക്തനായ വന്ദ്യ കോർ എപ്പിസ്കോപ്പയ്ക്ക് ആദരം അർപ്പിച്ചു.
കുളത്താക്കലായ തുരുത്തിപ്പറമ്പിൽ മണവത്ത് പരേതരായ തോമസ് ചാക്കോ, ശോശാമ്മ ദമ്പതികളുടെ മകനായി 1957 ജൂലൈ 12 ൽ ജനിച്ചു. സോഷ്യോളജിയിൽ അണ്ണാമല സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.
1986 ൽ പെരുമ്പള്ളിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. രണ്ട് പതിറ്റാണ്ട് കാലം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപകൻ, തുടർന്ന് ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സെന്റ് മേരീസ് ആശുപത്രിയുടെയും, സേവികാ സം ഘത്തിന്റെയും പ്രസിഡന്റായിരുന്നു. സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ മാനേജരാണ്. പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയും ശ്രദ്ധേയനായി.









