
എറണാകുളം ● മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണെന്നും യഥാർത്ഥ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ സംഭാവനകൾ എക്കാലത്തും വിലമതിക്കാനാവാത്തതെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ശരിയായ വാർത്തകളിലൂടെ സമൂഹത്തിൽ സുതാര്യതയും അവബോധവും വളർത്താൻ മാധ്യമ പ്രവർത്തകർക്കു സാധിക്കുമെന്നും ബാവ കൂട്ടിച്ചേർത്തു. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യർക്ക് പ്രാധാന്യം നൽകുന്ന ഒത്തുചേരലുകൾ നമ്മുടെ സമൂഹത്തിൽ അനിവാര്യമാണ്. ഓണം നൽകുന്ന ഏറ്റവും വലിയ സന്ദേശവും ഇതാണ്. ഒരു ഐതിഹ്യത്തിനപ്പുറം, മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ചിന്തയിലേക്ക് നമ്മളെ നയിക്കാൻ ഓണത്തിന് സാധിക്കുന്നു. സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു കാലം എല്ലാവർക്കും ഉണ്ടാകട്ടെയെന്നും ശ്രേഷ്ഠ ബാവ ആശംസിച്ചു.
മാന്യമായി ജീവിക്കാൻ ഈ നാട്ടിലെ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോൾ അത് മനുഷ്യ സംസ്കാരത്തിന് ഏൽക്കുന്ന ആഘാതമാണ്. മതമോ വിശ്വാസമോ രാഷ്ട്രീയമോ ഇതിന് തടസ്സമാകരുത്. എല്ലാവർക്കും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കണം. അത് എവിടെ നിഷേധിക്കപ്പെടുന്നുവോ, അവിടെയെല്ലാം അതിന് ഉത്തരവാദി നമ്മളെല്ലാവരുമാണ്. ഈ ഉത്തരവാദിത്തബോധത്തോടെ നമ്മുടെ കേരളത്തെ ഒന്നായി കാണാൻ നമുക്ക് സാധിക്കണം. ഈ ഓണക്കാലത്ത് നമുക്ക് അതിനായി പ്രതിജ്ഞയെടുക്കാമെന്ന് ബാവ ആഹ്വാനം ചെയ്തു.
കാലം മാറുമ്പോൾ നമ്മുടെ സംസ്കാരത്തിലും വസ്ത്രധാരണത്തിലും ഭക്ഷണരീതികളിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു. ‘നാടോടുമ്പോൾ നടുവേ ഓടുക’ എന്ന പ്രവണതയിൽ നമ്മൾ പലതും മറന്നുപോകുന്നു. ഈ ഓണക്കാലം നമ്മുടെ പഴമയിലേക്ക് ഒരു മടങ്ങിപ്പോക്ക് കൂടിയാണ്. വേഷവും, കലയും, ഭക്ഷണവും, രുചികളും, നിറങ്ങളും, മണവുമെല്ലാം ഓർത്തെടുക്കാനുള്ള സമയമാണിത്. ‘എല്ലാവരും നല്ലവരായിരിക്കണം’ എന്ന സന്ദേശം ഉൾക്കൊണ്ട്, ഈ ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും ആഴത്തിൽ പടരട്ടെ എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
ചടങ്ങിൽ എറണാകുളം പ്രസ് ക്ലബിൻ്റെ സ്നേഹാദരവ് ശ്രേഷ്ഠ ബാവായ്ക്കു സമർപ്പിച്ചു. ശ്രേഷ്ഠ ബാവായോടൊപ്പം മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, സഭാ വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ എൽദോസ് എം. ബേബി മോനോത്തുമാലി, ഗ്ലീസൺ ബേബി, മുൻ സഭാ ട്രസ്റ്റി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ, ജെ.എസ്.സി ന്യൂസ് എഡിറ്റർ ജൂഡിൻ ജോയി എന്നിവരും സംബന്ധിച്ചു. പരിശുദ്ധ സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മാധ്യമ പ്രവർത്തകർ നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത നന്ദി പറഞ്ഞു.
ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി തോമസ്, എം.പി മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഹംദുള്ള സെയ്ദ്, എം.എൽ.എ മാരായ കെ ബാബു, ടി.ജെ വിനോദ്, അൻവർ സാദത്ത്, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് കെ.എസ് ഷൈജു, സി.ജി രാജഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് അരുൺകുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ റെനീഷ്, ജില്ലാ കമ്മിറ്റിയംഗം ടി.സി സഞ്ജിത്, റീജിയണൽ സ്പോർട്സ് സെൻ്റർ സെക്രട്ടറി എസ് എ എസ് നവാസ്, കൗൺലിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വിവിധ കലാ പരിപാടികളുടെ സമ്മാനദാനവും ഓണസദ്യയും നടന്നു.



