
അഞ്ച് പതിറ്റാണ്ടു കാലം മലങ്കരയിലെ സഭാമക്കളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി മേയിച്ചു ഭരിച്ച ‘മലങ്കരയുടെ പ്രകാശഗോപുരം’ പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവ ഓർമ്മയായിട്ട് ഇന്ന് (സെപ്റ്റംബർ 1) 29 വർഷം പിന്നീടിന്നു. മ്ശിഹാ തമ്പുരാന്റെ ഭാവം ഉൾകൊണ്ട ഈ പുണ്യാത്മാവ് ദൈവത്തിന്റെ മഹാപുരോഹിതനായി, സ്വർഗ്ഗീയ മദ്ധ്യസ്ഥനായി ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. പുണ്യ പിതാവ് കബറടങ്ങിയിരിക്കുന്ന മലേക്കുരിശ് ദയറായിൽ ഭക്ത്യാദരവോടെ ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്നു.
കർമ്മം കൊണ്ടും വാക്കുകൾ കൊണ്ടും ധർമ്മം കൊണ്ടും വിശുദ്ധ ജിവിതം നയിച്ച, ശ്രേഷ്ഠരിൽ ശ്രേഷ്ഠനായ ബാവ സർവ്വജനങ്ങൾക്കും വഴികാട്ടിയായ പ്രകാശ ഗോപുരമായിരുന്നു. ചെറായിയുടെ ഉദയസൂര്യനായി വളർന്ന ശ്രേഷ്ഠ ബാവായിൽ നിന്നുള്ള പ്രകാശം സ്വർഗ്ഗീയ ശോഭയും ആത്മീയ സുഗന്ധവും പരത്തി കൊണ്ട് വിശ്വസികളായ സഹ്രസങ്ങൾക്ക് ഇന്നും മാർഗ്ഗദീപമാണ്.
സ്നേഹ പൂർണ്ണമായ പെരുമാറ്റം കൊണ്ടും പരിപാവനമായ ജീവിത നിഷ്ഠ കൊണ്ടും ധന്യമായിരുന്നു ബാവായുടെ ശ്രേഷ്ഠ ജീവിതം. ആത്മസമർപ്പണവും ജീവിതവിശുദ്ധിയും ആഴമേറിയ പാണ്ഡിത്യവും കൈമുതലാക്കി സ്നേഹത്തിന്റെ സന്ദേശവാഹകനായി താപസ ശ്രേഷ്ഠയോടെ കാറ്റിലും കോളിലും ആടിയുലയാതെ സഭാ നൗകയെ സുധീരം നയിച്ച ഈ ഇടയശ്രേഷ്ഠൻ അന്ത്യോഖ്യായെ കൃപയുടെ ഉറവയായി കണ്ട് സത്യവിശ്വാസത്തെ ഹൃദയത്തിലേറ്റി. വിശ്വാസികളുടെ ഹൃദയത്തിൽ തൊട്ടറിഞ്ഞ് അവർക്കിടയിൽ ദൈവത്തിന്റെ യഥാർത്ഥ പ്രതിപുരുഷനായി ബാവ ജീവിച്ചു.
മലങ്കര യാക്കോബായ സുറിയാനി സഭയെ ഒരു സുപ്രധാന കാലഘട്ടത്തിൽ 44 വർഷക്കാലം മെത്രാപ്പോലീത്ത എന്ന നിലയിലും 21 വർഷക്കാലം കിഴക്കിന്റെ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്ത എന്നീ നിലകളിലും നിറപടിയായി സഭാമക്കളെ നയിച്ച് പരിപാലിച്ച ശ്രേഷ്ഠ ബാവായെ മലങ്കരയുടെ പ്രകാശഗോപുരം എന്ന നിലയിലാണ് വിശ്വാസി സമൂഹം കണ്ടിരുന്നത്. ശ്രേഷ്ഠ ബാവാ ഇന്നും ജനഹൃദയങ്ങളിൽ വിശുദ്ധനായി ജീവിക്കുന്നു. ശ്രേഷ്ഠ പിതാവ് പകർന്നു നൽകിയ സത്യവിശ്വാസം അണിയാത്ത പ്രകാശഗോപുരമായി ജനഹൃദയങ്ങളിൽ ഇന്നും ജ്വലിക്കുന്നു. പുണ്യ പിതാവിന്റെ മദ്ധ്യസ്ഥതയും പ്രാർത്ഥനയും നമുക്ക് കാവലും കോട്ടയും ആയിരിക്കട്ടെ.
