
കാക്കനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി. സീറോ മലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിനിടെയായിരുന്നു സ്വീകരണം.
സഭാ ആസ്ഥാനത്ത് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ മെത്രാൻ സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സി.ബി.സി.ഐ. പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ചേർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ സ്വീകരിച്ചു. തുടർന്ന്, സിനഡ് പിതാക്കന്മാരുമായും, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലെ മറ്റ് അംഗങ്ങളുമായും ശ്രേഷ്ഠ ബാവ ആശയവിനിമയം നടത്തി.
സഭകൾ തമ്മിൽ, പ്രത്യേകിച്ച് സീറോ മലബാർ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന കൂട്ടായ്മയെയും സഹവർത്തിത്വത്തെയും കുറിച്ച് ശ്രേഷ്ഠ ബാവ പ്രസംഗത്തിൽ വിശദീകരിച്ചു. ഇരു സഭകളുടെയും പൊതുവായുള്ള പൈതൃകവും പാരമ്പര്യങ്ങളും ചേർത്തു പിടിച്ച്, കൂട്ടായ്മയിലൂടെ ക്രിസ്തീയ സാക്ഷ്യം ശക്തിപ്പെടുത്തി മുന്നോട്ട് പോകാമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. കാലഘട്ടത്തിലെ പ്രതിസന്ധികളെ ഒരുമിച്ചു നിന്ന് നേരിടാൻ കഴിയുമെന്നും ബാവ പ്രത്യാശ പ്രകടിപ്പിച്ചു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് ഏതാവശ്യത്തിലും സഹോദര്യത്തിന്റെ കരം നീട്ടാൻ സീറോ മലബാർ സഭ എപ്പോഴും സന്നദ്ധമാണെന്ന് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉറപ്പു നൽകി. ഇരു സഭകളും തമ്മിലുള്ള ഐക്യവും എക്യുമെനിക്കൽ ബന്ധവും കാത്തു സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സ്വാഗതം ആശംസിച്ചു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശ്രേഷ്ഠ ബാവായുടെ സെക്രട്ടറി ഫാ. ജോഷി മാത്യു ചിറ്റേത്തും സന്നിഹിതനായിരുന്നു.



