
ബത്തേരി ● മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ എല്ലാവരും മത വ്യത്യാസമില്ലാതെ ഒരുമിച്ച് ജീവിക്കുകയും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണ- അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
മലബാർ ഭദ്രാസനാധിപനായ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുൻപ് ഇതരമതത്തിലെ സഹോദരിക്ക് വൃക്ക ദാനം ചെയ്തത് മതചിന്തകൾക്കും അത് സൃഷ്ടിക്കുന്ന വിഭാഗീതയതകൾക്കും അപ്പുറമുള്ള മനുഷ്യത്വത്തിൻ്റെ മർമവും അതിൻ്റെ തനിമ സമൂഹത്തോട് പറയുന്ന നന്മയുടെ അംശവുമാണെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. അകലങ്ങൾ സൃഷ്ടിക്കുന്ന സമൂഹമായി മലയാളി മാറിപ്പോകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ എല്ലാ മതത്തിലുമുള്ളവർ ഇടപഴകി ജീവിക്കുന്ന സമൂഹമുണ്ട്. അതിന് കോട്ടംതട്ടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മലബാർ മോഡൽ എന്നത് മലങ്കര സുറിയാനി സഭ ഉയർത്തിപ്പിടിക്കുന്ന മാതൃകയാണെന്നും ബാവ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ സമാനതകളില്ലാത്ത മതനിരപേക്ഷ സ്വഭാവത്തിന് മാറ്റമുണ്ടാകുമോയെന്ന ഭീതി ഓരോ ന്യൂനപക്ഷത്തിൽപ്പെട്ടവർക്കും വേദനയോ ആശങ്കയോ ആയി മാറുന്നത് നല്ല സൂചനയല്ലെന്ന് ബാവ പറഞ്ഞു. പരസ്പരമുള്ള ബഹുമാനവും ആദരവുമാണ് ഒരുമിച്ച് പ്രവർത്തിക്കാനും ജീവിക്കാനും പ്രേരിപ്പിക്കുന്നത്.
സഹോദരസമൂഹത്തിന് കൂടി സഹായമെത്തിക്കാനുള്ള പ്രേരണയും ശ്രമവും ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ്. ക്രിസ്തുവിന്റെ സുവിശേഷം അതിർത്തി കടന്നു പോകുന്നതായിരുന്നു. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോഴാണ് മനസ്സിൽ ദൈവം വസിക്കുന്നത്. അങ്ങനെ സ്നേഹിച്ചെങ്കിൽ മാത്രമേ ദൈവം മനസ്സിലുണ്ടാകൂ. വിശ്വാസം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാനായില്ലെങ്കിൽ അത് നിരർഥകമാണ്.
മതവിശ്വാസിയായതുകൊണ്ട് ഒരാൾ നല്ല മനുഷ്യനാണെന്ന് പറയാനാവില്ല. നല്ല മനുഷ്യനാകാനാണ് എല്ലാ മതങ്ങളും പണ്ഡിതരും നമ്മെ നയിക്കേണ്ടതും രൂപപ്പെടുത്തേണ്ടതുമെന്നും കാതോലിക്ക ബാവ പറഞ്ഞു.
സ്വീകരണ ചടങ്ങും അനുമോദന സമ്മേളനവും മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ അശാന്തിയും സംഘർഷങ്ങളുമുണ്ടാകുമ്പോൾ നോട്ടത്തിലൂടെയോ വാക്കിലൂടെയോ ശാന്തിയുടെയും സമാധാനത്തിന്റെയും തലോടലുകളുമായി മതനേതാക്കന്മാരുടെ ഇടപെടൽ മാറാറുണ്ടെന്നും അത്തരം സൗമ്യതയുള്ള മതപണ്ഡിതരെയാണ് ഇന്നിൻ്റെ ആവശ്യമെന്നും മന്ത്രി ഒ.ആർ കേളു പറഞ്ഞു.
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോക്യുമെൻ്ററി പ്രകാശനം ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സൺഡേ സ്കൂൾ സപ്ലിമെൻ്റ് പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യും ‘തലചായ്ക്കാനൊരിടം’ ഭവനപദ്ധതി വിതരണം ടി. സിദ്ദിഖ് എം.എൽ.എ യും കരുതൽ വസ്ത്ര വിതരണം പൊൻജയശീലൻ എം.എൽ.എ യും നിർവഹിച്ചു.
മംഗല്യക്കൂട് വിവാഹ സഹായധന വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, 2026 ലെ കലണ്ടർ പ്രകാശനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ എന്നിവർ നിർവഹിച്ചു. ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ. രമേശ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, നഗരസഭ ഡപ്യൂട്ടി ചെയർപഴ്സൻ എൽസി പൗലോസ്, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരിനിലത്ത്, ഫാ. ഷിജിൻ കടമ്പക്കാട്ട്, ജനറൽ കൺവീനർ ഫാ. ഷിജിൻ കുടുമ്പക്കാട്ട്, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി തുടങ്ങിവർ സംസാരിച്ചു.




