
മൂവാറ്റുപുഴ ● റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല് നേർച്ചപ്പള്ളിയിൽ ഹിദായത്തുള്ള മോര് ഈവാനിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. പള്ളി സ്ഥാപക പിതാവായ ഹിദായത്തുള്ള മോർ ഈവാനിയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
പരിശുദ്ധ പിതാക്കന്മാർ തങ്ങളുടെ ജീവിതത്തിലൂടെ കാട്ടിത്തന്ന സഹനമാണ് ക്രൈസ്തവ വിശ്വാസികൾ വ്യക്തി ജീവിതങ്ങളിൽ പകർത്തേണ്ടതെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. ജീവിതത്തിൽ കൂടുതൽ സഹനങ്ങളിലൂടെ കടന്നു പോകുമ്പോളാണ് നാം ദൈവത്തിന് കൂടുതൽ പ്രിയങ്കരരാകുന്നത്. പരിശുദ്ധ പിതാക്കന്മാരുടെ ജീവിതം എപ്പോഴും സഹനത്തിൽ അധിഷ്ഠിതമായിരുന്നു. ലോക സുഖങ്ങളെ ത്യജിച്ച് ദൈവത്തിനു പ്രീതികരനായിത്തീരുവാൻ പരിശുദ്ധ പിതാക്കന്മാർ തങ്ങളുടെ ജീവിതത്തെ കൂടുതൽ സഹനപൂർണമാക്കുകയായിരുന്നു. ദൈവത്തെ സ്വന്തമാക്കാൻ ക്രൈസ്തവ വിശ്വാസിയുടെ ജീവിതത്തിലും ഇത്തരം സഹനങ്ങൾ അനിവാര്യമാണ്. സ്വന്തം നാടും ഉറ്റവരെയും ഉപേക്ഷിച്ച് കഷ്ടതകളും പ്രയാസങ്ങളും അനുഭവിച്ച് മലങ്കരയിൽ എഴുന്നള്ളി വന്ന പിതാക്കന്മാരുടെ സമർപ്പിതമായ ശുശ്രൂഷകളും പ്രാർത്ഥനയുമാണ് സഭയ്ക്ക് ജീവശ്വാസം നൽകിയതെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
പുണ്യ പിതാവായ ഹിദായത്തുള്ള മോർ ഈവാനിയോസ് ബാവ, മലങ്കര സഭയുടെ കലുഷിത ഘട്ടത്തിൽ ശീമയിൽ നിന്ന് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായൊടൊപ്പം എഴുന്നള്ളി വന്ന് ഈ മണ്ണിൽ സത്യ വിശ്വാസത്തെ സംരക്ഷിക്കുകയും പുനസ്ഥാപിക്കുകയും ചെയ്തു. ഹ്രസ്വ കാലമാണ് ബാവ മലങ്കരയിൽ സേവനം അനുഷ്ഠിച്ചതെങ്കിലും അത് ദീർഘ വീഷണത്തോടു കൂടിയ പ്രവർത്തനമായിരുന്നു. ഹിദായത്തുള്ള ബാവായുടെ സത്യ വിശ്വാസ പോരാട്ടത്തെ കുറിച്ച് ശ്രേഷ്ഠ ബാവ വിശ്വാസികളെ ഓർമ്മപ്പെടുത്തി. പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ കാലം ചെയ്ത ശേഷം ബാവ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ഹിദായത്തുള്ള ബാവ പാലിച്ചുവെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
വിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുവാനും സാധിക്കണമെന്നും പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
എസ്. എസ്.എൽ.സി., സൺഡേ സ്കൂൾ ജെ.എസ്.എസ്.എൽ.സി. പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത അവാർഡുകൾ നൽകി. വിശ്വാസികൾ സമൂഹത്തിന് സാക്ഷ്യം ഉള്ളവരായിരിക്കണം എന്ന് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വികാരി ഫാ. എൽദോസ് മോളേക്കുടിയിൽ, സഹ വികാരി ഫാ. ബേസി പതിയാരത്തുപറമ്പിൽ, ട്രസ്റ്റിമാരായ ഐസൺ സി. വർഗീസ് ചെറുകടക്കുടിയിൽ, സുജിത്ത് പൗലോസ് ആറ്റൂർ, ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.





