
പള്ളിക്കര ● വി. കന്യകാമറിയത്തിൻ്റെ ജീവിതം പോലെ ദൈവസ്നേഹത്തിൽ വിനയപ്പെടുവാനും കർത്താവിൻ്റെ ശബ്ദം കേൾക്കുവാനും നമുക്ക് കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
മനുഷ്യൻ തൻ്റെ ചിന്തകൾക്ക് അടിമപ്പെടുമ്പോൾ ദൈവത്തിന് കടന്നുവരാൻ ഇടം കിട്ടാതെ പോകുന്നു. എന്നാൽ, പരിശുദ്ധ കന്യകാമറിയത്തെപ്പോലെ നമ്മുടെ കുറവുകളും ബലഹീനതയും തിരിച്ചറിഞ്ഞ് ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ, “എൻ്റെ ഇഷ്ടം ദൈവത്തിൻ്റെ ഇഷ്ടത്തോടു ചേരുമ്പോഴാണ് പൂർണ്ണതയിലെത്തുന്നത്” എന്ന ജീവിതസന്ദേശം നമുക്ക് അനുഭവിക്കാനാകും.
കർത്താവിൻ്റെ ശബ്ദം കേട്ട് അനുസരിച്ചവളായിരുന്നു വി. കന്യകമറിയം. ജീവിതത്തിൻ്റെ കനൽവഴികളിലൂടെ നടന്ന് ക്രൂശിൽ കിടന്ന് മരിച്ച മകനെ ഓർത്ത് കരഞ്ഞപ്പോൾ ഉണ്ടായ ഹൃദയവേദന മനുഷ്യഹൃദയത്തെ സ്പർശിക്കാതെ പോകുന്നില്ല. സ്വർഗ്ഗത്തിൽ നമുക്കുവേണ്ടി ഒരു അമ്മയുണ്ടെന്ന ബോധ്യം വിശ്വാസജീവിതത്തിൽ വലിയ കരുത്താണ്. നമ്മുടെ പ്രാർത്ഥനകൾ, ആഗ്രഹങ്ങൾ, ആവശ്യങ്ങൾ എന്നിവ “കർത്താവിൻ്റെ ഇഷ്ടം എൻ്റെ ജീവിതത്തിൽ നിറവേറട്ടെ” എന്ന പ്രാർത്ഥനാ മനോഭാവത്തോടെയാണ് ദൈവത്തിന് സമർപ്പിക്കേണ്ടത്. “എല്ലാറ്റിനും മതിയായവൻ ദൈവമാണ്” എന്ന ബോധ്യത്തിൽ ജീവിക്കുമ്പോഴാണ് അവിടുത്തെ ഇഷ്ടത്തിന് വിധേയരാകാൻ കഴിയുന്നതെന്നും ശ്രേഷ്ഠ ബാവ ഒർമ്മപ്പെടുത്തി.
പരിശുദ്ധ അമ്മ ദൈവത്തിൻ്റെ ശബ്ദം കേട്ട് അനുസരിച്ചതുപോലെ, ദൈവത്തിൻ്റെ വിളി കേട്ട് അനുസരിക്കാനുള്ള നിയോഗമാണ് നമുക്കോരോരുത്തർക്കും ലഭിച്ചിട്ടുള്ളത്.
കണ്ണീരിലും വേദനയിലും വളരുന്ന ആത്മീയതയാണ് പൗരസ്ത്യസഭയുടെ മുഖമുദ്ര. ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്നുപോകാതെ മുന്നോട്ട് പോകണം. ഇന്ന്, പ്രതിസന്ധികളെ അതിജീവിക്കാതെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവരുടെ എണ്ണം കൂടുന്നത് വേദനാജനകമാണ്. അവിടെയാണ് ആത്മീയ കരുത്തോടെ ജീവിതത്തെ നേരിടേണ്ടത്. തിരുക്കുടുംബത്തിൽ ഉണ്ടായിരുന്ന സ്നേഹവും സമാധാനവും നമ്മുടെ കുടുംബങ്ങളിലും ഉണ്ടാകണം. കുടുംബത്തിൽ ആത്മീയ തേജസ്സ് കുറയുമ്പോൾ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നഷ്ടപ്പെട്ടോ എന്ന് നാം സ്വയം പരിശോധിക്കണം. പരിശുദ്ധ അമ്മയുടെ സാന്നിധ്യമുള്ളിടത്ത് കർത്താവിൻ്റെ കൃപയുണ്ടാകും.
നമ്മുടെ തീരുമാനങ്ങൾ സ്വാർത്ഥചിന്തകൾക്ക് അടിമപ്പെടാതെ, ദൈവത്തിൻ്റെ ഇഷ്ടത്തിന് അനുസരിച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോകാൻ. ദൈവവഴികളിൽ നിന്ന് മാറി തെറ്റായ പാതയിലൂടെ സഞ്ചരിക്കുമ്പോൾ നാം ഒരിക്കലും കരകയറാനാവാത്ത ഇരുട്ടിലേക്ക് വീഴും. അതുകൊണ്ട്, ആരാധന, പ്രാർത്ഥന, വേദപാരായണം, വിശുദ്ധന്മാരുടെയും പരിശുദ്ധ അമ്മയുടെയും മദ്ധ്യസ്ഥത, വിശുദ്ധ കുർബാന എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം ഉറപ്പിക്കാനും, വിശുദ്ധ ത്രോണോസുമായി ഐക്യത്തിൽ ജീവിക്കാനും നമുക്ക് കഴിയണയെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന വി. അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ നടന്നു. വികാരിമാരായ ഫാ. ബാബു വർഗീസ്, ഫാ. എൽദോസ് വി.കെ, ഫാ. എബി ബാബു, ഫാ. ജോൺ സാജു, ട്രസ്റ്റിമാരായ എ.പി വർഗീസ്, കെ.പി ജോയി, ജനറൽ കൺവീനർ എബിൻ എബ്രഹാം, ഭരണ സമിതിയംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


