
പള്ളിക്കര ● രാജ്യത്തിൻ്റെ 79-ാം സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദേശീയ പതാക ഉയർത്തി. വൈദീകരും, ഭരണസമിതി അംഗങ്ങളും, ഭക്തസംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്വാതന്ത്ര്യത്തിൻ്റെ അനുഭവം എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായി ലഭ്യമാകണമെന്നും, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ആരുടെയെങ്കിലും സ്വാതന്ത്യം എവിടെയെങ്കിലും നിഷേധിക്കപ്പെടുന്നത് ഭരണഘടനയ്ക്ക് ഏൽക്കുന്ന ഗുരുതര മുറിവായിരിക്കും. ഭരണഘടനാ മൂല്യങ്ങൾക്ക് ക്ഷതമേൽക്കാൻ അനുവദിക്കാതെ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും അന്തസ്സും ആത്മാവും നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യൻ പൗരൻ എന്ന നിലയിലെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്, രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യങ്ങളും വൈവിധ്യങ്ങളും സംരക്ഷിച്ച്, അഭിമാനത്തോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഏവർക്കും സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

