
കോതമംഗലം ● വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നേതൃത്വം നൽകി. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു.
പ്രതിസന്ധികളിലൂടെയും പ്രയാസത്തിലൂടെയും കടന്നുപോകുന്ന സമൂഹത്തിൽ, ദൈവാശ്രയത്തോടെ വിശ്വാസത്തിൽ അടിയുറച്ച് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പഠിക്കണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. നിസ്സാരമായ പ്രശ്നങ്ങളിൽപ്പോലും തളർന്നുപോയി ആത്മഹത്യയിലേക്കും ലഹരിയിലേക്കും വഴിവിട്ട ജീവിതങ്ങളിലേക്കും തിരിയുന്ന യുവതലമുറയ്ക്ക് വി. ദൈവമാതാവിൻ്റെ ജീവിതം ഒരു വലിയ പാഠമാണ്. പുത്രൻ കുരിശിൽ സഹനത്തിൻ്റെ ആഴങ്ങളിലൂടെ കടന്നുപോകുമ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ പരിശുദ്ധ അമ്മയുടെ ദുഃഖവും കണ്ണീരും നമ്മെ കൂടുതൽ ധൈര്യപ്പെടുത്തണം.
നാം എടുക്കുന്ന ഓരോ തീരുമാനത്തിനും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ചുറ്റും ചതിക്കുഴികളാണ്. അത് തിരിച്ചറിയാൻ പുതിയ തലമുറയ്ക്ക് കഴിയാതെ പോകുന്നു. ഇത് അന്ധകാരത്തെ സ്നേഹിക്കുന്ന ഒരു സമൂഹം വളരുന്നു എന്നതിൻ്റെ ദുസ്സൂചനയാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളിൽ തളർന്നുപോകാതെ, കുരിശിൻ്റെ ചുവട്ടിൽ നിൽക്കുന്ന വി. അമ്മയെ ധ്യാനിച്ചുകൊണ്ട് ക്രൂശിനോട് ചേർന്നുനിൽക്കാൻ സാധിക്കണം. അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും പിന്നാലെ പോകാതെ, വിശ്വാസത്തിൽ ഉറച്ചുനിൽക്കണം. അപ്പോൾ ബാക്കിയുള്ളതെല്ലാം നമ്മെ തേടിയെത്തും. നമ്മുടെ ഇഷ്ടങ്ങൾ എപ്പോഴും ദൈവത്തിൻ്റെ ഇഷ്ടം കൂടിയാകണം. ദുഃഖങ്ങളും വേദനകളും മാത്രമല്ല, നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവത്തിൻ്റെ പദ്ധതിയുമായി ചേർന്നുനിൽക്കുമ്പോൾ മാത്രമേ ജീവിതത്തിന് പൂർണ്ണത കൈവരൂ. ‘കർത്താവിൻ്റെ ഇഷ്ടം എൻ്റെ ജീവിതത്തിൽ നിറവേറട്ടെ’ എന്ന പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ഇക്കാര്യത്തിൽ നമുക്ക് മാതൃകയാകണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ജീവിതപങ്കാളിയെയും സുഹൃത്തുക്കളെയും തിരഞ്ഞെടുക്കുമ്പോൾ, എൻ്റെ തീരുമാനത്തിനു പിന്നിൽ ദൈവത്തിൻ്റെ ഇഷ്ടമുണ്ടോ എന്ന് ചിന്തിക്കണം. മാതാപിതാക്കൾ നോക്കിനിൽക്കെ തെറ്റായ വഴികളിലേക്ക് തിരിയുന്ന യുവജനങ്ങൾ, തങ്ങൾ വളർന്നുവന്ന സാഹചര്യങ്ങളെയും കുടുംബമൂല്യങ്ങളെയും വിശ്വാസ സത്യങ്ങളെയും ആത്മ പരിശോധന നടത്തണം. ഏത് പ്രതിസന്ധിയിലും ദൈവാശ്രയത്തോടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ജാഗ്രത പുലർത്തണമെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
തുടർന്ന് ഇടവകയുടെ നേതൃത്വത്തിലുള്ള ‘അമ്മയുടെ കാരുണ്യം’ എന്ന സാധുസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ശ്രേഷ്ഠ ബാവ നിർവഹിച്ചു. വികാരി ഫാ. മാത്യൂസ് പുൽപ്പറമ്പിൽ, സഹവികാരിമാരായ ഫാ. എൽദോസ്, പുൽപ്പറമ്പിൽ, ഫാ. ദാനിയേൽ ഇടപ്പുളവൻ, ട്രസ്റ്റിമാരായ ജെയു സി. വർഗീസ് ചേലാട്ട്, കെ.ജെ എൽദോസ് കളരിക്കൽ, ഭരണസമിതി അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.




