
പുത്തൻകുരിശ് ● മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ. സാനു മാഷിൻ്റെ ദേഹവിയോഗം അക്ഷര ലോകത്തിനും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
തൻ്റെ ഗുരുനാഥൻ കൂടിയായ പ്രൊഫ. സാനു മാഷ് പുരോഗമന ആശയങ്ങൾ മുറുകെ പിടിക്കുകയും അക്ഷരങ്ങളെ സ്നേഹിക്കുകയും ചെയ്തു കൊണ്ട് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ജീവിച്ച ഉത്തമനായ മാതൃകാ അധ്യാപകനായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. തൻ്റെ അക്ഷരങ്ങളും പ്രവൃത്തിയും മാനവികതയ്ക്കായി സമർപ്പിച്ച ഗുരു ശ്രേഷ്ഠനായിരുന്നു അദ്ദേഹം.
ആധുനിക സമൂഹം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും ശക്തമായ പ്രതിരോധം തീർത്ത അതുല്യ പ്രതിഭയായിരുന്നു പ്രൊഫ. സാനു മാഷ്.
സാംസ്കാരിക രംഗത്തും വൈജ്ഞാനിക രംഗത്തും നിസ്തുല്യ സംഭാവനകൾ നൽകിയ പ്രൊഫസർ എം.കെ. സാനു മാഷിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെയും വ്യക്തിപരമായും അനുശോചനവും പ്രാർത്ഥനയും നേരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
