തൊഴിയൂർ ● സുറിയാനി സഭയുടെ പൈതൃകവും പാരമ്പര്യവുമുള്ള സഭകൾ അന്തഃസത്ത ഉൾക്കൊണ്ടു കൊണ്ട് ഒന്നിച്ചു നിൽക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
സഭകൾ ഒരുമിച്ച് നിന്ന് സമൂഹത്തോട് ക്രിസ്തു സ്നേഹവും സാക്ഷ്യവും ഫലപ്രദമായി വെളിപ്പെടുത്തുവാൻ സാധിക്കണം. ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ സഭകൾ പരസ്പരം മത്സരിച്ച് ഭിന്നിച്ചു നിൽക്കേണ്ടവരല്ല. ഇല്ലായ്മ ചെയ്യുവാനും നഷ്ടം വരുത്തുവാനും സമാധാനന്തരീക്ഷം തകർക്കുവാനുമല്ല സഭകൾ തമ്മിൽ പരിശ്രമിക്കേണ്ടത്. സഹോദരങ്ങളെ ബഹുമാനിച്ച് മാനുഷിക മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സംസ്കാരമുള്ള സഭയായി വളരുവാനാണ് ശ്രമിക്കേണ്ടത്. ഐക്യത്തോടെ ചേർന്നു നിൽക്കുവാനും ചേർത്തു നിർത്തുവാനും സഹോദരങ്ങളെ പോലെ ഒരുമിച്ച് ജീവിക്കുവാനും സഹവസിക്കുവാനുമുള്ള സാഹചര്യം സഭകൾ തമ്മിൽ ഉണ്ടാകണമെന്നും ചർച്ചകളിലൂടെ അതിനു സാധിക്കുമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.

