
കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ചരിത്ര പ്രസിദ്ധമായ മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ (മിഥുനം 29) നാളെ (ജൂലൈ 12 ശനിയാഴ്ച) നടക്കും.
കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റി. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴി, സഹവികാരി ഫാ. സന്തോഷ് വർഗീസ്, ഫാ. എമിൽ കുര്യൻ, ഡീക്കൻ ലിജോ ബേസിൽ എന്നിവർ സംബന്ധിച്ചു.
ഇന്ന് ജൂലൈ 11 വെള്ളിയാഴ്ച 6.30-ന് ഇടവക പട്ടക്കാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും ഉച്ചകഴിഞ്ഞ് 3-ന് ഒൻപതാം മണി നമസ്കാരവും നടന്നു. തുടർന്ന് പള്ളി സാധനങ്ങൾ മേമ്പൂട്ടിൽ നിന്നും ആഘോഷമായി പള്ളിയ്ക്കകത്തേക്ക് കൊണ്ടുവരുന്ന ചടങ്ങും നടന്നു. വൈകീട്ട് 7-ന് ഹോണോവർ മിഷൻ്റെ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 8:45-ന് പ്രദക്ഷിണം എന്നിവ നടന്നു.
ജൂലൈ 12 ശനിയാഴ്ച രാവിലെ 6-ന് പ്രഭാത പ്രാർത്ഥന, 6:30-ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 7:45-ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. തുടർന്ന് 8:30 ന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും. 10.30 ന് എസ്.എസ്.എൽ.സി., പ്ലസ് 2 അവാർഡ് വിതരണം, വ്യക്ഷതൈ വിതരണം, 11 മണിക്ക് പ്രദക്ഷിണം എന്നിവ ഉണ്ടാകും. തുടർന്ന് നടക്കുന്ന ആശിർവാദം, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയിൽ, സഹവികാരി ഫാ. സന്തോഷ് വർഗീസ് തെറ്റാലിൽ, അസോസ്സിയേഷൻ പ്രസിഡൻ്റ് നിബു കെ. കുര്യാക്കോസ്, സെക്രട്ടറി സാജു പീറ്റർ, ട്രഷറർ സജി വടക്കേക്കര, ഭരണ സമിതിയംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
