
തൊഴിയൂർ ● മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. ശ്രേഷ്ഠ ബാവായെ സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത സഭാ ആസ്ഥാനത്ത് സ്വീകരിച്ചു.
സഭയിലെ വന്ദ്യ വൈദിക ശ്രേഷ്ഠരും സഭാ ഭാരവാഹികളും ചേർന്ന് ശ്രേഷ്ഠ ബാവായെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവ ഭദ്രാസന ദൈവാലയത്തിലെ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാവ് കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 223-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കബറിങ്കൽ പ്രാർത്ഥന നടത്തി.
തുടർന്നു നടന്ന സ്വീകരണ യോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ മാത്യൂസ് മാർ സിൽവാനസ് എപ്പിസ്കോപ്പ എന്നിവർ ആശംസകൾ നേർന്നു.
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്നേഹോപഹാരം അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായ്ക്ക് സമർപ്പിച്ചു. സഭയിലെ ഭദ്രാസന ഇടവക വികാരിയും ഇടവക ഭാരവാഹികളും വിവിധ ഭക്ത സംഘടനകളും ചേർന്ന് ശ്രേഷ്ഠ ബാവയ്ക്ക് ഉപഹാരം നൽകി. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. മലബാർ സ്വതന്ത്ര സുറിയാനി സഭയിലെ വൈദീകർ, ശെമ്മാശ്ശന്മാർ, സഭാ കൗൺസിൽ അംഗങ്ങൾ, വിവിധ ഇടവകകളിലെ കമ്മിറ്റി ഭാരവാഹികൾ, സഭയുടെ ഭക്ത സംഘടനാ ഭാരവാഹികൾ, യാക്കോബായ സുറിയാനി സഭയുടെ വൈദീകർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സഭാ വിശ്വാസികൾ എന്നിവർ സ്വീകരണ സമ്മേളനത്തിൽ സംബന്ധിച്ചു.




