
കോതമംഗലം ● സമർപ്പിതമായ ശുശ്രൂഷകളിലൂടെ സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി വൈദികർ മാറണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.
കോതമംഗലം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്ന അങ്കമാലി ഭദ്രാസന മാർ അത്താനാസിയോസ് വൈദീക സംഘത്തിൻ്റെ വാർഷിക യോഗത്തിലും സ്വീകരണത്തിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
വൈദികരുടെ മാതൃകാപരമായ നേതൃത്വമാണ് പരിശുദ്ധ സഭയുടെ കരുത്ത്. ലഹരി പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ ആരാധനയും സുവിശേഷവും ലഹരിയാക്കി മാറ്റണം. ലഹരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വൈദികർ സന്ദേശവാഹകരായി മാറണമെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. മാർ അത്താനാസിയോസ് വൈദീക സംഘം ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം നൽകി.
വൈദിക സംഘം വർക്കിംഗ് പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മാത്യൂസ്
മോർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഏലിയാസ് മോർ അത്താനാസിയോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാർ പ്രസംഗിച്ചു.
2025-28 വർഷത്തെ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. വൈദികരുടെ മക്കളിൽ നിന്നും ജെ.എസ്.എസ്. എൽ.സി, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരുന്നൂറിൽ പരം വൈദികർ യോഗത്തിൽ സംബന്ധിച്ചു.
2025-28 വർഷത്തെ മാർ അത്താനാസിയോസ് വൈദീക സംഘം സെക്രട്ടറിയായി ഫാ. എൽദോസ് ചെറിയാൻ നമ്മനാലി, ജോ. സെക്രട്ടറിയായി ഫാ. ബിനോയ് ചാത്തനാട്ട്, ട്രഷററായി ഫാ. പൗലോസ് പള്ളത്തുകുടി കൂടാതെ കമ്മിറ്റിയംഗങ്ങളായി ഫാ. റെജി പാലക്കാടൻ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. നോബി വെട്ടിച്ചിറ, ഫാ. എൽദോസ് പുൽപറമ്പിൽ, ഫാ. ജോബി ഊർപ്പായിൽ, ഫാ. ബിജു കൊച്ചുപറമ്പിൽ, ഫാ. എൽദോസ് ചിറങ്ങര,ഫാ. പ്രദോഷ് പടിപ്പുരയ്ക്കൽ, ഫാ. ദാനിയേൽ തട്ടാറ, ഫാ. എമിൽ ഏലിയാസ് കൂരൻ എന്നിവരെയും ഓഡിറ്റേഴ്സായി ഫാ. ബേബി ജോൺ പണ്ടാലിൽ, ഫാ. ബേസിൽ പതിയാരത്ത്പറമ്പിൽ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.


