
തിരുവാങ്കുളം ● ലഹരി വിപത്തിനെതിരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അധ്യക്ഷത ചേർന്ന അവലോകന യോഗം വ്യക്തമാക്കി. കാലഘട്ടത്തിൻ്റെ ആവശ്യമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങൾ പരിശുദ്ധ സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ആരംഭിക്കും.
ലഹരിക്കടിമപ്പെടുന്നവരെ മാറ്റിനിർത്താതെ തിരികെ ജീവിതത്തിലേക്ക് ചേർത്തു പിടിക്കുന്നതും ലഹരിവിരുദ്ധ ബോധവൽക്കരണവുമാണ് ഡി-അഡിക്ഷൻ സെൻ്ററിലൂടെ പരിശുദ്ധ സഭ ലക്ഷ്യമിടുന്നതെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
ഡി-അഡിക്ഷൻ സെൻ്ററിൻ്റെ ചുമതല വഹിക്കുന്ന അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ഫാ. ജോഷി ചിറ്റേത്ത്, ഫാ. അതുൽ ചെറിയാൻ, ഫാ. റിനോ ആനിക്കൽ, ഫാ. ക്രിസ്റ്റോ കുര്യൻ, ഡോ. ബെഞ്ചമിൻ ജോർജ്, ഡോ. സിഞ്ചു മാത്യു, ഡോ. റോഷ്നി ഫിലിപ്പ്, ജോൺ എബ്രഹാം, സിസ്റ്റർ സാറ, സിസ്റ്റർ കെസ്സിയ, സാറ ഷെഫി, ലയ സൂസൺ, പ്രദീപ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
കൊച്ചി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വെളിയനാട് വട്ടപ്പാറയിൽ ആരംഭിക്കുന്ന ആദ്യ സെന്ററിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോട്ടയം ഭദ്രാസനത്തിലെ വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ഡി-അഡിക്ഷൻ സെൻ്ററിലേക്ക് ആംബുലൻസ് നൽകി. ശ്രേഷ്ഠ കാതോലിക്ക ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്തയും ചേർന്ന് പള്ളി വികാരിമാരായ ഫാ. അജു കെ. ഫിലിപ്പ് കോട്ടപ്പുറം, ഫാ. തോമസ് കുര്യൻ കണ്ടാന്തറ എന്നിവരിൽ നിന്ന് ആംബുലൻസിന്റെ താക്കോൽ സ്വീകരിച്ചു. ചടങ്ങിൽ ട്രസ്റ്റി ജേക്കബ് ജോൺ നമ്പേട്ട്, സെക്രട്ടറി ഡോ. മേരി ഭവൻ, ജീമോൻ മാത്തൻ പഴൂർ പുത്തൻപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.




