
കൊച്ചി ● സുറിയാനി സഭയുടെ ആരാധനയ്ക്കും, വേദശാസ്ത്രത്തിനും പോഷണമേകിയ മാന്നാക്കുഴിയിൽ ജേക്കബ് വർഗീസ് സാർ (82) ഓർമ്മയായി. ഭൗതികശരീരം ഇന്ന് (ജൂലൈ 3 വ്യാഴം) ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ പൊന്നൂരുന്നി പള്ളിയിൽ പൊതു ദർശനം, തുടർന്ന് 6 മണിക്ക് മൃതദേഹം അയിരൂരിലെ സ്വഭവനത്തിലേക്കു കൊണ്ടുപോകും. നാളെ (ജൂലൈ 4 വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 4 മണിക്ക് അയിരൂർ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്ക ശുശ്രൂഷകൾ നടക്കും.
ഭാര്യ: ഒതേറ ആയിക്കോട്ടെ പുത്തൻ വീട്ടിൽ പരേതയായ എലിസബത്ത് ജേക്കബ്, മക്കൾ: ആൻ ജേക്കബ് (യു.എസ്.എ), വർഗീസ് ജേക്കബ് (ഡയറക്ടർ സഫയർ മാർക്കറ്റിംഗ്). മരുമക്കൾ: മല്ലപ്പള്ളി വടക്കേടത്ത പരേതനായ ഐസക് തോമസ്, നാറാണമുഴി അറക്കാമണ്ണിൽ ഡോ. സുജാ വർഗീസ് (മൈക്രോബയോളജിസ്റ്റ്, പബ്ലിക്ക് ഹെൽത്ത് ലാബ്). കൊച്ചുമക്കൾ: ജെയ്സൺ ജേക്കബ്, ജേക്കബ് വർഗീസ്, ജോയൽ തോമസ്, ഫിലിപ്പ് വർഗീസ്.യാക്കോബായ സുറിയാനി സഭയ്ക്ക് ഒരിക്കലും വിസ്മരിക്കാൻ ആവാത്ത എഴുത്തുകാരനും വിവർത്തകനും സുറിയാനി ഭാഷയിലും സഭാവിജ്ഞാനീയത്തിലും ആരാധനാ ക്രമങ്ങളിലും മലങ്കര സഭാ ചരിത്രത്തിലും ഒരുപോലെ അവഗാഹ പാണ്ഡിത്യം നേടിയ ജ്ഞാനിയാണ്. സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു ജേക്കബ് വർഗീസ് സാർ. മലയാളത്തിൽ അന്യമായിരുന്നവ കൂട്ടിച്ചേർത്ത് 33 അന്നഫോറകൾ (വി.കുർബ്ബാന തക്സ), അതും ഒന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ രചിക്കപ്പെട്ടവ മലങ്കര സഭയ്ക്ക് തദ്ദേശീയ ഭാഷയിൽ അടുത്തിടെ ലഭ്യമാക്കിയ മഹാപ്രയത്നത്തിന് പിന്നിൽ ബഹുമാനപ്പെട്ട ജേക്കബ് വർഗീസ് സാർ നടത്തിയ പരിശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.
യാക്കോബായ സുറിയാനി സഭയ്ക്ക് ഒരിക്കലും വിസ്മരിക്കാൻ ആവാത്ത എഴുത്തുകാരനും വിവർത്തകനും സുറിയാനി ഭാഷയിലും സഭാവിജ്ഞാനീയത്തിലും ആരാധനാ ക്രമങ്ങളിലും മലങ്കര സഭാ ചരിത്രത്തിലും ഒരുപോലെ അവഗാഹ പാണ്ഡിത്യം നേടിയ ജ്ഞാനിയാണ് മാന്നാക്കുഴിയിൽ ജേക്കബ് വർഗീസ് സാർ. സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. മലയാളത്തിൽ അന്യമായിരുന്നവ കൂട്ടിച്ചേർത്ത് 33 അന്നഫോറകൾ (വി.കുർബ്ബാന തക്സ), അതും ഒന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ രചിക്കപ്പെട്ടവ മലങ്കര സഭയ്ക്ക് തദ്ദേശീയ ഭാഷയിൽ അടുത്തിടെ ലഭ്യമാക്കിയ മഹാപ്രയത്നത്തിന് പിന്നിൽ ബഹുമാനപ്പെട്ട ജേക്കബ് വർഗീസ് സാർ നടത്തിയ പരിശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.
മലങ്കരയിൽ ലഭ്യമല്ലാതിരുന്ന കൃതികൾ വിദേശത്തുനിന്നും കണ്ടെത്തുവാനും, തർജ്ജിമ ചെയ്യുവാനും, സംശോധന ചെയ്യുന്നതിനും നടത്തിയ സമർപ്പിതമായ സേവനത്തിന് മലങ്കര യാക്കോബായ സുറിയാനി സഭ ജേക്കബ് സാറിനോട് കടപ്പെട്ടിരിക്കുന്നു.
വന്ദ്യ എം.സി വർഗീസ് കോർ എപ്പിസ്കോപ്പായുടെയും കാലംചെയ്ത പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ സഹോദര പുത്രി അന്നമ്മയുടെയും മകനായി 1943 സെപ്റ്റംബർ 9 ന് ജനിച്ചു .അയിരൂരും ഇരവിപേരൂരും ഉള്ള സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിന് ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിലും തിരുവല്ല മാർത്തോമ കോളേജിലും ഉപരി പഠനം നടത്തി. ഗണിതശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടി. അതിനുശേഷം കുറെ നാൾ അധ്യാപന വൃത്തിയിൽ ജോലി ചെയ്തു. പിന്നീട് കാനറാ ബാങ്ക് ഉദ്യാഗസ്ഥനായി കേരളത്തിലും പുറത്തും വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. 2001ൽ ജോലിയിൽ നിന്ന് വോളൻ്റററി റിട്ടയർമെൻ്റ് എടുത്തു.
പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ ചിതറിയ മുത്തുകൾ, സ്വർഗ്ഗീയ ആരാധനയ്ക്കുള്ള സുവർണ്ണകവാടം, സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിൻ്റെ പരിശുദ്ധാത്മാവ് – സുറിയാനി മാമോദിസ ക്രമങ്ങളിൽ, ഇപ്പോഴത്തെ പരിശുദ്ധ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ഗവേഷണ പ്രബന്ധമായ കുരിശിൻ്റെ പ്രതീകങ്ങൾ പൂർവ്വിക സുറിയാനി പിതാക്കന്മാരുടെ രചനകളിൽ, പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം, ശ്രീമതി സാറാ നൈറ്റിൻ്റെ ഗവേഷണപ്രബന്ധം, അവരുടെ തന്നെ മലങ്കര സഭാ ചരിത്രം, പഴയനിയമ വിജ്ഞാനീയം, അതിപുരാതന സുറിയാനി രേഖകൾ,മോർ ഔഗേൻ്റെ ജീവിതകഥ, ചരിത്രത്തിൽ സുറിയാനി പെശീത്ത ബൈബിൾ, മലങ്കര സുറിയാനി സഭ 1938ലെ അമൂല്യങ്ങളായ സഭ ചരിത്രരേഖകൾ, സുറിയാനി ഭദ്രാസനങ്ങളുടെ ചരിത്രം, ശ്ബീതൊ (യാമപ്രാർത്ഥനകൾ), ശ്ഹീമോ നമസ്കാരം, വിശുദ്ധ രഹസ്യങ്ങളുടെ ക്രമം തുടങ്ങിയവ തർജ്ജിമ ചെയ്തവയിൽ ഉൾപ്പെടുന്നു.
സുറിയാനി ഭാഷയിൽ ജ്ഞാനിയായ സാർ സുറിയാനി സാഹിത്യ പോഷണത്തിനായി മുഴുവൻ സമയവും പ്രവർത്തിച്ചു. തുമ്പമൺ ഭദ്രാസനത്തിൽ അയിരൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവാംഗവും, മധ്യതിരുവിതാംകൂർ കേന്ദ്രമായുള്ള മോർ ദിവന്നാസിയോസ് മിഖായേൽ മിഷൻ എന്ന സംഘടനയുടെ പ്രസിഡന്റുമായിരുന്നു. സുറിയാനി സഭയുടെ വേദശാസ്ത്ര വൈജ്ഞാനിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബഹു. ജേക്കബ് സാറിൻ്റെ വിടവാങ്ങൾ സഭയ്ക്ക് ഒരു തീരാനഷ്ടമാണ്. സഭാ ചരിത്രത്തിലും, വേദശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ബഹുമാനപ്പെട്ട ജേക്കബ് സാറിൻ്റെ പാവന സ്മരണയ്ക്ക് മുമ്പിൽ യാക്കോബായ സുറിയാനി സഭയുടെ ആദരാഞ്ജലികൾ.
