
ജൂൺ 30 – നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ഭാഗ്യവാന്മാരായ പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മ ദിനം പരിശുദ്ധ സഭ കൊണ്ടാടുന്നു. ക്രിസ്തു നാഥന്റെ കൽപ്പനയാൽ സഭയെ വളർത്തി ക്രിസ്തുവിൽ നമ്മെ ജനിപ്പിച്ച് വളർത്തിയ പരിശുദ്ധ സഭയുടെ കെട്ടുപണിക്കാരായ വിശുദ്ധ ശ്ലീഹേന്മാരേ ഇന്ന് പരിശുദ്ധ സഭ സ്മരിക്കുന്നു.
കർത്താവിന്റ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽ, മത്സ്യം പിടിച്ചുനടന്നവരെ യേശുക്രിസ്തു തന്റെ ശിഷ്യത്വത്തിലേക്കു വിളിച്ചു. “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. (മത്തായി 4 :18-22) (മർക്കോസ് 1: 16-20, 2 : 14). യേശു പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തു. പത്രോസ്, അന്ത്രയോസ്, സെബദിയുടെ മകനായ യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തുൽമായി, തോമസ്, മത്തായി, അൽഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോൻ, യൂദാ സ്കറിയോത്ത എന്നിവരെ ക്രിസ്തുവിൻ്റെ നാമത്തിൽ സംസാരിക്കാൻ പ്രത്യേകം നിർദ്ദേശം നൽകി അവരെ അയച്ചു. (മർക്കോസ് 6:7-13). പക്ഷെ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു തന്റെ സാക്ഷ്യം നഷ്ടപ്പെടുത്തിയ യൂദാക്ക് പകരം മത്ഥിയാസിനെ ചീട്ടിട്ടു ശിഷ്യത്വത്തിലേക്കു തിരഞ്ഞെടുത്തു (അപ്പൊ. പ്രവർത്തി 1:21-26).
കർത്താവ് തന്റെ ശിഷ്യന്മാർക്ക് വലിയ നിയോഗമാണ് നൽകിയത്. “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു (മത്തായി 18:18). കൂടാതെ വിശുദ്ധ പൗലോസ് ശിഷ്യന്മാർ എന്താണ് എന്ന് ഊന്നിപ്പറഞ്ഞിരിക്കുന്നു: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു”(എഫെസ്യർ 2:20).
ഭൂമിയിൽ നിന്ന് പാപന്ധകാരത്തെ നീക്കാനെത്തിയ ലോകത്തിന്റ വെളിച്ചമായ യേശുവിന്റെ ദീപനാളങ്ങളാണ് ശിഷ്യന്മാർ. രോഗാതുരമായ ആത്മാക്കളെയും ശരീരങ്ങളെയും ഔഷധം കൂടാതെ സുഖപ്പെടുത്തിയവരാണ്. വിശുദ്ധാത്മ സഭയുടെ കിരീടത്തിൽ അലങ്കരിക്കുന്ന വിലയേറിയ പന്ത്രണ്ടു വിശുദ്ധ രത്നങ്ങളാണ് ഈ വിശുദ്ധന്മാർ. രണ്ടായിരമാണ്ടുകൾക്കപ്പുറം ജീവിച്ചു മരിച്ചുപോയ കുറെ പുണ്യജീവിതങ്ങളല്ല അവർ. ഇന്നും വിശുദ്ധിയിൽ ജീവിക്കുന്നവർ. സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടും സൂഷ്മതയോടെ വീക്ഷിച്ചും കൈകൊണ്ട് സ്പർശിച്ചറിഞ്ഞും നമ്മുടെ കർത്താവിനെ അനുഭവിച്ചറിഞ്ഞ വിശുദ്ധമാരാണ് ശ്ലീഹന്മാർ.
“പന്ത്രണ്ടു സ്തംഭങ്ങൾ ഭൂമിയെ താങ്ങുന്നു. പന്ത്രണ്ടു മാസങ്ങൾ ആണ്ടിനെ അലങ്കരിക്കുന്നു. പന്ത്രണ്ടു നീരുറവകൾ ആരണ്യത്തിൽ നിന്ന് ഉത്ഭവിച്ചു. പന്ത്രണ്ടു ശ്ലീഹന്മാർ പ്രസംഗിക്കുവാനായി നാനാദിക്കിലേക്ക് അയക്കപ്പെട്ടു. അവരുടെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ടയും അഭയവുമായിരിക്കട്ടെ.”

