ക്രാരിയേലി ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ ക്രാരിയേലി വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10-ാം തീയതി വികാരി ഫാ. അബ്രഹാം ആലിയാട്ടുകുടി കൊടിയേറ്റ് നിർവഹിച്ചു. സഹവികാരി ഫാ. ജിനോ ജോസ് കരിപ്പക്കാടൻ, ട്രസ്റ്റിമാർ, ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടനാ പ്രതിനിധികൾ തുടങ്ങി നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
പെരുന്നാളിനോടനുബന്ധിച്ച് ദിവസങ്ങളിൽ രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാപ്രാർത്ഥനയും പ്രസംഗവും നടന്നുവരുന്നു. പ്രധാന പെരുന്നാൾ ചടങ്ങുകൾ ഒക്ടോബർ 22, 23 തീയതികളിൽ നടക്കും.
പെരുന്നാൾ ദിനമായ ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ 7.15-ന് പ്രഭാത പ്രാർത്ഥനയും 7.45-ന് വിശുദ്ധ കുർബാനയും നടക്കും. വൈകിട്ട് നാലിന് പൊൻ-വെള്ളി കുരിശുകൾ മേമ്പൂട്ടിൽനിന്ന് ആഘോഷപൂർവം പള്ളിയിലേക്ക് കൊണ്ടുവരും. തുടർന്ന് വൈകിട്ട് 6.30-ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും പ്രസംഗവും നടക്കും. രാത്രി 8.30-ന് പ്രദക്ഷിണവും ആശീർവാദവും ഉണ്ടായിരിക്കും.
പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയും 8.30-ന് അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. തുടർന്ന് 10.30-ന് ധൂപപ്രാർത്ഥനയും 11-ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
വൈകിട്ട് മൂന്നിന് പൊൻ-വെള്ളി കുരിശുകൾ പള്ളിയിൽനിന്ന് മേമ്പൂട്ടിലേക്ക് തിരികെ കൊണ്ടുപോകും. തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. അബ്രഹാം ആലിയാട്ടുകുടി , സഹവികാരി ഫാ. ജിനോ ജോസ് കരിപ്പക്കാടൻ, ട്രസ്റ്റിമാരായ കെ.ജെ വിത്സൻ കാണിയാടൻ, റ്റി.എം എൽദോ തുരുത്തുംമാലി, ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.

