കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ സെക്രട്ടറിയും ന്യൂഡൽഹി ആസ്ഥാനമായുള്ള മെക്പ്രോ ഹെവി എൻജിനീയറിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ ബാർ ഈത്തോ മ്ഹൈമ്നോ കമാൻഡർ രാജൻ സ്കറിയയുടെ (70) സംസ്കാരം ഇന്ന് ഒക്ടോബർ 13-ന് നടക്കും.
മറൈൻ ഡ്രൈവിലെ പ്രെസ്റ്റീജ് നെപ്റ്റ്യൂൺ കോർട്ട്യാർഡിലുള്ള വസതിയിൽ ഉച്ചകഴിഞ്ഞ് 3-ന് മരണാനന്തര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് 4-ന് കൊച്ചി ഭദ്രാസനത്തിലെ എളംകുളം സെന്റ് മേരീസ് സൂനോറോ യാക്കോബായ കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടത്തും.
തൃശൂർ വാഴാനി പുത്തൻപുരയിൽ കുടുംബാംഗമാണ്. എൻജിനീയറും വ്യവസായിയുമെന്ന നിലയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയമായ വിവിധ പേറ്റന്റുകൾ സ്വന്തമാക്കിയിരുന്നു. ദ്രവങ്ങളുടെ ഉപരിതല മർദം കുറയ്ക്കാൻ സഹായിക്കുന്ന രാസവസ്തുക്കളായ സർഫസ് ആക്ടീവ് ഏജന്റ്സ് (സർഫക്ടന്റ്സ്), പ്രകൃതിദത്ത കൊഴുപ്പിൽ നിന്നും മൃഗക്കൊഴുപ്പിൽ നിന്നും ഭക്ഷ്യ എണ്ണകളിൽ നിന്നും വ്യാവസായികമായി നിർമിച്ചെടുക്കുന്ന രാസവസ്തുക്കളായ ഒലിയോകെമിക്കൽസ് ഗവേഷണ മണ്ഡലങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ലുധിയാനയിലും വിദേശരാജ്യങ്ങളിലും സ്ഥാപിച്ചു. ചെറുകിട വ്യവസായം, കയറ്റുമതി എന്നീ തലങ്ങളിലെ മികവിനു പതിനഞ്ചോളം പുരസ്കാരങ്ങളും ലഭിച്ചു.
ഭാര്യ: തൊടുപുഴ വണ്ണപ്പുറം രാമനാട്ട് മോളി രാജൻ. മക്കൾ: അഫ്സ രാജൻ, അബീഷ് രാജൻ. മരുമക്കൾ: ഡോ. സിദ്ധാർഥ് ചാക്കോ, റോസ്മി ബാബു.
