മണർകാട് ● ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ തിരുനട തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ സെപ്റ്റംബർ ഏഴിന് ഉച്ചനമസ്കാരത്തിന് ശേഷമാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകിയത്.
വിശുദ്ധ കുർബാനയ്ക്കും ഉച്ചനമസ്കാരത്തിനും ശേഷമായിരുന്നു തിരുനട തുറക്കൽ ശുശ്രൂഷകൾ. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വം വഹിച്ചു. തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും യൂറോപ്പ് പാത്രിയർക്കൽ വികാരിയും എം.എസ്.ഒ.ടി. സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഹകാർമികനായി.
തിരുനട തുറന്നതോടെ അനുഗ്രഹദർശനത്തിനായി കാത്തിരുന്ന വിശ്വാസികൾക്ക് വിശുദ്ധ ദൈവമാതാവിൻ്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപങ്ങൾ ദർശിക്കാനും പ്രാർഥനകളും നേർച്ചകളും അർപ്പിക്കാനും അവസരം ലഭിച്ചു. ചടങ്ങിനോടനുബന്ധിച്ച് മണർകാട് കത്തീഡ്രലിലും പരിസരങ്ങളിലും വലിയ വിശ്വാസിസാന്നിധ്യമാണ് അനുഭവപ്പെട്ടത്. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർഥാടകരാണ് തിരുനട തുറക്കൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനും അനുഗ്രഹദർശനം നടത്തുന്നതിനുമായി മണർകാട്ടിലെത്തിയത്.
എട്ടുനോമ്പ് പെരുന്നാളിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ചടങ്ങുകളിലൊന്നാണ് മണർകാട് കത്തീഡ്രലിലെ തിരുനട തുറക്കൽ. ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം തിരുനട തുറക്കുന്നതോടെ വിശ്വാസികൾക്ക് ദൈവമാതാവിൻ്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപം നേരിൽ കണ്ട് പ്രാർഥിക്കാനുള്ള അവസരം ലഭിക്കുന്നു.
തിരുനട തുറക്കലിന് പിന്നാലെ പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിലേക്കാണ് മണർകാട് കടന്നത്. പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് പ്രദക്ഷിണവും നേർച്ചവിളമ്പും നടക്കും. സെപ്റ്റംബർ 14 വരെ വിശ്വാസികൾക്ക് തിരുനടയിലെത്തി ദർശനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
എട്ടുനോമ്പിന്റെ വിശുദ്ധ ദിനങ്ങളിൽ ദൈവമാതാവിൻ്റെ മധ്യസ്ഥത തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന തീർഥാടകരുടെ പ്രാർഥനകളാൽ മണർകാട് വീണ്ടും വിശ്വാസത്തിന്റെ വലിയ തീർഥാടനകേന്ദ്രമായി മാറുകയാണ്.


