മണർകാട് : ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് പള്ളി റാസ ഭക്തിനിർഭരമായി. ഞായറാഴ്ച രാവിലെ 11.30ന് റാസയുടെ മുൻഭാഗം പള്ളിയിൽ നിന്ന് നീങ്ങിത്തുടങ്ങി. കന്യകമറിയത്തോടുള്ള അപേക്ഷകളും, പ്രാർഥനാഗീതങ്ങളുമായി നടന്നു നീങ്ങിയ പ്രദക്ഷിണത്തിൽ, രണ്ടുമണിയോടെ വലിയപള്ളിയിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം അംശ വസ്ത്രങ്ങളണിഞ്ഞ വൈദികർ അണിചേർന്നു. ജാതി – മത വ്യത്യാസമില്ലാതെ പതിനായിരങ്ങൾ മുത്തുക്കുടകളുമായി വീഥിയിലൂടെ നടന്നുനീങ്ങി. വൈകീട്ട് അഞ്ചുമണിയോടെ വൈദികർ വലിയ പള്ളിയിൽ തിരിച്ചെത്തി. തുടർന്ന് വലിയ പള്ളിയിൽ നടത്തിയ ധൂപപ്രാർഥനയോടെ പ്രദക്ഷിണം സമാപിച്ചു.
എട്ടുനോമ്പിലെ പ്രധാന ചടങ്ങായ നടതുറക്കൽ തിങ്കളാഴ്ച (ഇന്ന്) നടക്കും. രാവിലെ വലിയ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം മധ്യാഹ്നപ്രാർഥനയ്ക്കിടെയാണ് നടതുറക്കൽ. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാനകാർമികത്വത്തിൽ മറ്റ് മെത്രാപ്പൊലീത്താമാരും വൈദികരും സഹകാർമികരാകും. ചൊവ്വാഴ്ചയാണ് പ്രധാന പെരുന്നാൾ. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ച വിതരണത്തിന് തയ്യാറാക്കുന്നത്. സ്ലീബാ പെരുന്നാൾ ദിനമായ 14-ന് വൈകീട്ട് സന്ധ്യാ പ്രാർഥനയോടെ നടയടയ്ക്കും.