പഴന്തോട്ടം ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉപവാസമിരുന്ന് സംരക്ഷിച്ച പഴന്തോട്ടത്തിന്റെ സത്യവിശ്വാസത്തിന് പുതിയ അധ്യായം. വർഷങ്ങളായി ഇടവക ജനങ്ങൾ കാത്തിരുന്ന യാക്കോബായ വിശ്വാസികൾക്കായുള്ള പുതിയ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ശ്രേഷ്ഠ ബാവായാൽ വാഴ്ത്തപ്പെട്ട മൂലക്കല്ല് നാട്ടിയാണ് ദൈവാലയ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചാണ് പുതിയ ദൈവാലയ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പ്രതിസന്ധികളിൽ തളരാതെ, വിശ്വാസം നെഞ്ചോട് ചേർത്ത് മുന്നേറിയ ഇടവക ജനങ്ങളുടെ ദീർഘകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.
2017 ജൂലൈ 3-ന് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി മൂന്ന് പള്ളികൾക്ക് മാത്രമായി ബാധകമായിരുന്നു. എന്നാൽ പ്രസ്തുത വിധി പഴന്തോട്ടം പള്ളിയിലും അനധികൃതമായി പ്രയോഗിച്ചും, പോലീസിന്റെ സഹായത്തോടെ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ദൈവാലയത്തിൽ നിന്ന് പുറത്താക്കിയും, മാതൃദേവാലയം നഷ്ടപ്പെട്ട സാഹചര്യത്തിൽ, സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ പുതിയ ദൈവാലയം നിർമ്മിക്കണമെന്ന തീരുമാനവുമായി ഇടവക ജനങ്ങൾ മുന്നോട്ടുപോകുകയായിരുന്നു. വർഷങ്ങളായുള്ള പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് പുതിയ ദൈവാലയത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചതോടെ പഴന്തോട്ടം യാക്കോബായ വിശ്വാസികൾക്ക് പ്രതീക്ഷയുടെ പുതിയ തുടക്കമായി മാറുകയാണ്.
വികാരി വന്ദ്യ റോയി എബ്രാഹം കോച്ചാട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ ഇ.സി. വർഗീസ് കോറെപ്പിസ്കോപ്പ, ട്രസ്റ്റിമാരായ പി.എം. യാക്കോബ് പടിപുരയ്ക്കൽ, എൻ.ഇ. ജോയി നിരക്കല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


