ന്യൂയോർക്ക് ●സകല തലമുറകളാലും ഭാഗ്യവതി എന്നു വിളിക്കപ്പെടുന്ന പരിശുദ്ധ ദൈവമാതാവ് കന്യക മറിയാമിന്റെ ജനനപ്പെരുന്നാൾ ന്യൂയോർക്ക് ഗ്ലെൻ ഓക്സിലെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആചരിക്കും.
എട്ടുനോമ്പ് പെരുന്നാൾ ആഗസ്റ്റ് 30 ഞായറാഴ്ച മുതൽ സെപ്റ്റംബർ 7 തിങ്കളാഴ്ച വരെ വിവിധ ആത്മീയ ശുശ്രൂഷകളോടുകൂടി നടത്തപ്പെടും. പെരുന്നാൾ ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.
ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്കുശേഷം പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. ഫിലിപ്പ് സഖറിയാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള വൈദികർ വിശുദ്ധ കുർബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും കാർമികത്വം വഹിക്കും.
പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച്, വിശുദ്ധ എട്ടുനോമ്പ് പ്രാർത്ഥനയോടും ഉപവാസത്തോടും ആത്മീയ ഒരുക്കത്തോടും കൂടി ആചരിക്കുവാൻ ഇടവകാംഗങ്ങളെയും വിശ്വാസികളെയും ഇടവക നേതൃത്വം ആഹ്വാനം ചെയ്തു.
സുറിയാനി സഭയുടെ പാരമ്പര്യത്തിൽ പരിശുദ്ധ കന്യക മറിയാം “ദൈവമാതാവ്” (യോൽദാത്ത് അലോഹോ) എന്ന മഹത്വനാമത്താൽ വണങ്ങപ്പെടുന്നു. ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയിൽ വിനയത്തോടും പൂർണ്ണ സമർപ്പണത്തോടും കൂടി പങ്കാളിയായ പരിശുദ്ധ
ദൈവമാതാവിന്റെ ജനനത്തെ അനുസ്മരിക്കുന്നതാണ് ഈ പെരുന്നാൾ. വിശ്വാസജീവിതത്തിൽ പ്രാർത്ഥന, അനുതാപം, ഉപവാസം, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന ദിനങ്ങളാണ് എട്ടുനോമ്പ് കാലം.“എന്തെന്നാല്‍ താൻ തന്റെ ദാസിയുടെ താഴ്മയെ നോക്കിക്കണ്ടു. ഇതാ, ഇപ്പോള്‍ മുതല്‍ സര്‍വ തലമുറകളും എന്നെ ഭാഗ്യവതി എന്ന് കീർത്തിക്കും.” (വിശുദ്ധ ലൂക്കോസ് 1:48).
പെരുന്നാൾ ദിവസങ്ങളിൽ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ കുടുംബങ്ങൾക്കും മക്കൾക്കും രോഗികൾക്കും ദുഃഖിതർക്കും സഭയ്ക്കും സമൂഹത്തിനും സമാധാനവും അനുഗ്രഹവും ലഭിക്കുന്നതിനായി വിശ്വാസികൾ പ്രാർത്ഥിക്കും. ഇടവക വികാരി റവ. ഫാ. ഫിലിപ്പ് സഖറിയായുടെയും, വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ, സെക്രട്ടറി ജിൻസൺ പത്രോസ്, ട്രഷറർ ഏലിയാസ് സൈമൺ ഇതര മാനേജിംഗ് കമ്മിറ്റിഅംഗങ്ങൾ ജോബി ജോർജ്, ഷാജി ഉമ്മൻ, സജി വർഗീസ്, ജിനു ജോൺ, ലോവിംഗ് കുര്യാക്കോസ് എന്നിവരുടെയും നേതൃത്വത്തിലാണ് പെരുന്നാൾ ക്രമീകരണങ്ങൾ നടന്നു വരുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയാൽ ഈ എട്ടുനോമ്പും ജനനപ്പെരുന്നാളും ഭക്തിപൂർവ്വം ആചരിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ,
മാത്യു ഉമ്മൻ ( വൈസ് പ്രസിഡന്റ് )
(516)232-4788
ജിൻസൺ പത്രോസ് ( സെക്രട്ടറി )
(516)444-9064
ഏലിയാസ് സൈമൺ ( ട്രെഷറർ )
(347)620-8089
ADDRESS
ST. MARYS MALANKARA JACOBITE SYRIAC ORTHODOX CHURCH
262-22 UNION TURNPIKE
GLEN OAKS
NY 11004



