അബുദാബി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ. മേഖല വൈദിക യോഗം അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന യോഗത്തിൽ യു.എ.ഇ. മേഖലയിലെ എല്ലാ വൈദികരും പങ്കെടുത്തു. യു.എ.ഇ. മേഖല പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മേഖലയുടെ ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾ, ഇടവകകളുടെ പ്രവർത്തനങ്ങൾ, മേഖലയിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും ഇടവകകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമുള്ള വിവിധ നിർദേശങ്ങളും യോഗത്തിൽ പരിഗണിച്ചു.
യു.എ.ഇ. മേഖലയിലെ വൈദികരുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഭയുടെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഏകോപിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗം സഹായകമായി.



