അങ്കമാലി ● മുൻ കേരള നിയമസഭാ സ്പീക്കറും അങ്കമാലി മുൻ എം.എൽ.എയും മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായിരുന്ന എ.പി. കുര്യന്റെ 25-ാം ചരമവാർഷികം ആഗസ്റ്റ് 30-ന് ആചരിക്കും. ചരമവാർഷികദിനമായ ഞായറാഴ്ച രാവിലെ 8.30-ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.
അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.പി. കുര്യൻ 1967, 1970, 1977, 1980 വർഷങ്ങളിൽ നിയമസഭാംഗമായി പ്രവർത്തിച്ചു. 1980ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കേരള നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റു. 1987-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
യാക്കോബായ സുറിയാനി സഭയുമായി ആത്മബന്ധം പുലർത്തിയിരുന്ന എ.പി. കുര്യൻ സഭയുടെ പ്രതിസന്ധിഘട്ടങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ വ്യക്തിയായിരുന്നു. 1977-ൽ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജിനും, തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ പള്ളികളിലുണ്ടായ കക്ഷിവഴക്കുകൾക്കും ഇടയിൽ യാക്കോബായ സഭയുടെ പള്ളികൾ നഷ്ടപ്പെടാതിരിക്കാൻ ആഭ്യന്തര, റവന്യൂ വകുപ്പുകളിൽ സമ്മർദ്ദം ചെലുത്തി സഭയ്ക്ക് പിന്തുണ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വിശ്വസ്ത ആത്മീയ പുത്രന്മാരിൽ ഒരാളായിരുന്നു പരേതനായ എ.പി. കുര്യൻ. സഭയോടും വിശ്വാസസമൂഹത്തോടും അദ്ദേഹം പുലർത്തിയ ആത്മബന്ധവും സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളും ചരമവാർഷികദിനത്തിൽ അനുസ്മരിക്കും.
