പെരുമ്പാവൂർ ● വിശിഷ്ട സേവനത്തിനുള്ള 2026-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എറണാകുളം റൂറൽ ജില്ലയിലെ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ.കെ. ജേക്കബ് അർഹനായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സംസ്ഥാന പോലീസ് മെഡലുകളിലാണ് അദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടത്.
അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് എൻ.കെ. ജേക്കബ്. പ്രദേശത്തെ പ്രമുഖ നമ്മുണാരി കുടുംബാംഗമായ അദ്ദേഹം ആത്മീയ – സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.
ഔദ്യോഗിക ജീവിതത്തിൽ അർപ്പണബോധത്തോടെയും മികവോടെയും പ്രവർത്തിച്ചുവരുന്ന എൻ.കെ. ജേക്കബ്, 2026-ൽ അന്യസംസ്ഥാനങ്ങളിലേക്കു വരെ വ്യാപിച്ച നിരവധി നിർണായക കേസുകളുടെ അന്വേഷണത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. അന്വേഷണ മികവും സേവനത്തിലെ ആത്മാർത്ഥതയും പരിഗണിച്ചാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്.
തങ്ങളുടെ പ്രിയപ്പെട്ട ഇടവകാംഗത്തിന് ലഭിച്ച ഈ അഭിമാനകരമായ നേട്ടത്തിൽ യാക്കോബായ സുറിയാനി സഭാ വിശ്വാസികളും മലയിടംതുരുത്ത് സെന്റ് മേരീസ് ഇടവക ജനങ്ങളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. സോളി ജേക്കബാണ് ഭാര്യ. അമൽ ബേസിൽ ജേക്കബും അലൻ ജേക്കബുമാണ് മക്കൾ.
