ന്യൂജേഴ്സി ● യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും, ഇപ്പോഴത്തെ യുദ്ധം കൂടുതൽ കെടുതികൾ ഉണ്ടാക്കും മുൻപ് എത്രയും വേഗം അവസാനിക്കട്ടെയെന്നു പ്രാര്ഥിക്കുന്നതായും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. അമേരിക്കൻ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ ശ്രേഷ്ഠ ബാവക്ക് ന്യുയോർക്കിലെ പൊമോണയിൽ അതിഭദ്രാസനം ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ ജന്മദിന ആഘോഷവുമായി ചടങ്ങ് മാറി. ബാവയായി സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ അമേരിക്കയിൽ എത്തുന്നത്.
അമേരിക്കക്കും, അമേരിക്കൻ ജനതക്കും ശ്രേഷ്ഠ ബാവ ആശംസകൾ നേർന്നു. നിങ്ങളിൽ പലരും അമേരിക്കൻ പൗരന്മാരാകാം. എങ്കിലും ഇന്ത്യൻ അമേരിക്കൻ എന്നതാണ് നിങ്ങളുടെ വിശേഷണം. ഇന്ത്യയുടെ നന്മകൾ കൈവിടരുത്. സഭകൾ തമ്മിൽ ഭിന്നതകൾ ഉണ്ടെങ്കിലും ക്രിസ്തുവിൽ നാം ഒന്നാണ്. മറ്റു സഭകളോടും വിശ്വാസങ്ങളോടും ബഹുമാനം കൈവിടരുത്. അപ്പോൾ മാത്രമേ നാമും ബഹുമാനിതരാകു. അതുപോലെ മറ്റു മനുഷ്യനിൽ നിന്ന് അകന്നു നിൽക്കരുത്. അവർ ഹിന്ദു ആയാലും, മുസ്ലിം ആയാലും അകൽച്ച ശരിയല്ല. സഭാകാര്യങ്ങളിൽ യുവജനത താല്പര്യം കാണിക്കുന്നു എന്നത് സന്തോഷകരമാണ്. നമ്മുടെ അഭിമാനകരമായ പൈതൃകം നാം കാത്ത് സൂക്ഷിക്കണം. ജർമ്മനിയിൽ വച്ച് ഒരു ലൂഥറൻ ബിഷപ്പ് പറഞ്ഞത് നമ്മുടെ ഏറ്റവും വലിയ നിധി നമ്മുടെ ലിറ്റര്ജി ആണെന്നാണ്. അത്തരം പല നിധികളുടെയും സമാഹാരമാണ് സഭ. ഇല്ലാതാവുന്ന ഒരു സഭയല്ല നമ്മുടേത്. മുൻപ് ബ്രിട്ടനിൽ ഒരു സ്ഥലത്ത് ഏതാനും വിശ്വാസികൾ ആണുണ്ടായിരുന്നത്. പിന്നീടത് വളർന്നു. ഇന്നിപ്പോൾ ബ്രിട്ടനിൽ 40 – 50 പള്ളിയുണ്ട്. ഇതിനു കാരണം കുടിയേറ്റമാണ്. കുടിയേറ്റം ഇന്ത്യയിലും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതേസമയം വിദേശങ്ങളിൽ സഭ വളരുന്നു. ഇവിടെയും സഭ പല പ്രതിസന്ധികളും നേരിടുന്നുണ്ട് എന്നറിയാം. അവയെല്ലാം അഭിവന്ദ്യ മെതാപോലീത്തയുടെ നേതൃത്വത്തിൽ തരണം ചെയ്യുന്നതിൽ സന്തോഷം. നിർമ്മിത ബുദ്ധി തുടങ്ങിയ പുതിയ പ്ലാറ്റുഫോമുകളെ സഭയുടെ നന്മക്കായി ഉപയോഗിക്കണം. പുതിയ തലമുറ സഭയിൽ നിന്നും ദൈവത്തിൽ നിന്നും അകലുന്നത് അവഗണിക്കരുത്. സെമിനാരി സ്ഥാപിക്കാനുള്ള മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയുടെ ശ്രമങ്ങളെ ശ്രേഷ്ഠ ബാവ അഭിനന്ദിച്ചു. അതിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയ സജി അച്ഛനെയും ബാവ അഭിനന്ദിച്ചു.
ഈ യാത്രയിൽ നമുക്ക് ഒരുമിച്ച സഞ്ചരിക്കാം. സഭയിൽ താൽക്കാകമായി സമാധാനമുണ്ട്. അത് ശാശ്വതമാകണം. അലത്ത ആഴ്ചകൾ സഭക്ക് പ്രധാനമാണെന്ന് ശ്രേഷ്ഠ പറഞ്ഞു. മുളന്തുരുത്തി സൂനഹദോസ് കഴിഞ്ഞിട്ട് 150 വർഷമാകുന്നു. 150-ാം വാർഷികാഘോഷം സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന സുപ്രധാന അവസരമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ഇന്ത്യയിലെ സഭയ്ക്കുവേണ്ടിയും പ്രത്യേകിച്ച് കേരളത്തിലെ വിശ്വാസി സമൂഹത്തിനുവേണ്ടിയും എല്ലാവരും ആത്മാർത്ഥമായി പ്രാർഥിക്കണമെന്ന് ശ്രേഷ്ഠ ബാവ അഭ്യർഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നാലും വിശ്വാസത്തിലും പ്രാർഥനയിലും എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
വിവിധ സഭകളിലെ ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും, മറ്റ് ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാർ, വൈദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ക്രൈസ്തവ ഐക്യത്തിന്റെയും സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും മനോഹരമായ ദൃശ്യമായി മാറി.





