വിശുദ്ധന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ സഹദാ എന്നറിയപ്പെടുന്ന വിശുദ്ധ കുര്യാക്കോസ് സഹദായുടെയും അമ്മ മോർത്ത് യൂലീത്തിയുടെയും ഓർമ്മ ദിനം. മലങ്കരയിൽ ഏറ്റവും ആദ്യം വിശുദ്ധ മധ്യസ്ഥനായി അംഗീകരിക്കപ്പെടുകയും പേരിൽ പള്ളികൾ സ്ഥാപിക്കപ്പെടുകയും ചെയ്തവരിൽ മുഖ്യസ്ഥാനമുള്ള സഹദാ ആണ് വിശുദ്ധ കുര്യാക്കോസ്.
ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മലങ്കര ക്രൈസ്തവർ തങ്ങളുടെ പേര് ആയി സ്വീകരിച്ചതും ഈ വിശുദ്ധന്റെതു തന്നെ ആയിരുന്നു. മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ ക്രിസ്തുവിനു വേണ്ടി സ്വന്തം ജീവനെ സമര്‍പ്പിച്ച കുര്യാക്കോസിനും അമ്മയായ യൂലീത്തിക്കും പരിശുദ്ധ സഭയില്‍ സവിശേഷ സ്ഥാനമുണ്ട്. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന മർത്തശ്മൂനിയുടെയും പുത്രന്മാരുടെയും രക്തസാക്ഷിത്വത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇവരുടെ ജീവിത കഥകൾ.
വിവിധ ഭാഷകളിലായി Quiricus, Cyriacus, Qyriacus, Kuriakos, Keryakos, Kuriakose, Cyricus, Ciricus, Cyr, Cyriac എന്നൊക്കെയുള്ള പേരുകളില്‍ സഹദാ അറിയപ്പെടുന്നു. പേരിന്റെ അര്‍ഥം “കര്‍ത്താവിന്റേത്, belonging to the Lord “എന്നാണ്. മാതാവായ യൂലീത്തിയെ Julietta, Julitta മുതലായ പേരുകളിലും വിവരിച്ചു കാണുന്നു. ഇവരുടെ പൂര്‍ണ്ണ ജീവചരിത്രം നമുക്ക് ലഭ്യമല്ല. AD 400 നോട് അടുത്ത് എഴുതപ്പെട്ട Martyrologium Hieronymianum എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ കുര്യാക്കോസിന്റെയും അമ്മയുടെയും പേര് എഴുതി കാണുന്നുണ്ട്.
പീഡന സമയത്ത് ശിശുവായ കുര്യാക്കോസും ചക്രവര്‍ത്തിയും തമ്മിലുള്ള ദീര്‍ഘ സംഭാഷണത്തിൽ നിന്നു വിശുദ്ധന്റെ വിശ്വാസ തീക്ഷ്ണത നമുക്ക് വ്യക്തമാകും. പീഡനവേളകളിൽ മകനെ ധൈര്യപ്പെടുത്തുന്ന അമ്മയും ഉത്തമ മാതൃക തന്നെ. മർത്തശ്മൂനിയെ അനുസ്മരിപ്പിക്കുന്ന ധീരവനിത. മോര് ഗീവറുഗീസ് സഹദായെപ്പോലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്തു തന്നെയാണ് (AD 284-305) മോർ കുര്യാക്കോസും അമ്മ യൂലീത്തിയും രക്തസാക്ഷികള്‍ ആകുന്നത്.
വിധവയായ യൂലീത്തി ലൈക്കൊനിയ എന്ന സ്ഥലത്തെ ഒരു കുലീന ക്രിസ്തീയ കുടുംബത്തില്‍ ഉള്ളവള്‍ ആയിരുന്നു. അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന അലക്സാണ്ടര്‍ കൊടിയ ക്രൈസ്തവ വിരോധിയായിരുന്നു. മൂന്നു വയസ്സുള്ള കുര്യാക്കോസിനെയും കൂട്ടി യൂലീത്തി പലായനം ചെയ്തു. അന്ത്യോക്യയിലെ തര്‍സൂസ് പട്ടണത്തില്‍ എത്തിയപ്പോള്‍ അവര്‍ കണ്ടു പിടിക്കപ്പെട്ടു. രണ്ടു പേരും ഗവര്‍ണറുടെ മുന്പില് ഹാജരാക്കപ്പെട്ടു. യൂലീത്തിയെ അലക്സാണ്ടര്‍ വിചാരണ ചെയ്തു. വിചാരണയില്‍ പതറാതെ യൂലീത്തി താന്‍ ക്രിസ്ത്യാനി ആണെന്നും മരണം വരെ ക്രിസ്തുവിനെ ഉപേക്ഷിക്കില്ലെന്നും വെളിപ്പെടുത്തി.
കുപിതനായ ഗവർണർ അവരെ പീഡനത്തിനായി ഏല്‍പ്പിച്ചു കൊടുത്തു. ഇത് കണ്ട കുട്ടി താന്‍ ഒരു ക്രിസ്ത്യാനി ആണെന്നും തനിക്കു അമ്മയുടെ കൂടെ പോകണം എന്നും വിളിച്ചു പറഞ്ഞു. അപമാനം തോന്നിയ അലക്സാണ്ടര്‍ യൂലീത്തിയുടെ മുന്നില്‍ വച്ചുതന്നെ മൂന്നു വയസ്സുള്ള ബാലനായ കുര്യാക്കോസിനെ
എടുത്ത് നിലത്തടിക്കുകയും സ്റ്റെപ്പിലൂടെ കാല് കൊണ്ട് തൊഴിച്ച് ഉരുട്ടി വിടുകയും ചെയ്തു. തലയോട് തകര്‍ന്നും എല്ലുകള്‍ നുറുങ്ങിയും കുഞ്ഞു കുര്യാക്കോസ് അപ്പോള്‍ തന്നെ അന്ത്യശ്വാസം വലിച്ചു.
ഇത് കണ്ടു നിന്ന യൂലീത്തി അല്‍പ്പം പോലും പതറാതെ, തന്റെ മകന് സഹദേന്മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനാൽ ദൈവത്തെ സ്തുതിക്കുന്നു എന്ന് ഉച്ചത്തില്‍ പറഞ്ഞു. അരിശം തീരാതെ ഗവര്‍ണ്ണര്‍ യൂലീത്തിയുടെ ശരീരത്തിലെ രണ്ടു വശങ്ങളും കൊളുത്തുകള്‍ കൊളുത്തി വലിക്കാന്‍ ഉത്തരവിട്ടു.
ഇപ്രകാരമുള്ള കൊടിയ പീഡനങ്ങള്‍ക്ക് ശേഷം യൂലീത്തിയെ തല അറുത്തു കൊന്നു.
മഹാനായ കോൺസ്റ്റന്റൈന് ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ AD 337 രണ്ടു പേരുടെയും തിരുശേഷിപ്പുകള്‍ കണ്ടെടുക്കുകയും കുസ്തന്തീനോസ്പോലിസിലെ ഒരു ആശ്രമത്തില്‍ സ്ഥാപിക്കുകയും ചെയ്തു.
മോര് കുര്യാക്കോസ് സഹദായുടെയും അമ്മയായ മോര്‍ത്ത് യൂലീത്തിയുടെയും ഓര്‍മ്മ പെരുന്നാൾ ജൂലൈ 15 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു.
തന്റെ മകനെ ചെറുപ്പം മുതല്‍ ഉറച്ച ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ യൂലീത്തി കാണിച്ച ഉത്സാഹം നമുക്ക് മാതൃകയാണ്. സ്വന്തം മകന് മരിച്ചു വീഴുന്നത് കണ്ടിട്ടും കൊടിയ പീഡനങ്ങള്‍ ഏറ്റിട്ടും ക്രിസ്തുവിനെ തള്ളിപറയാതെ മരണം വരിച്ച യൂലീത്തിയുടെ ധൈര്യവും സ്ഥൈര്യവും നമുക്ക് ഓര്‍മ്മിക്കാം.
ഉറച്ച ക്രിസ്തീയ അപ്പോസ്തോലിക വിശ്വാസത്തില്‍ നിലനില്ക്കാന് മാര്‍ കുര്യാക്കൊസിന്റെയും അമ്മ യൂലീത്തിയുടെയും പ്രാര്‍ത്ഥന നമുക്ക് കോട്ടയും അഭയവും ആയിരിക്കട്ടെ.