തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷയും, പൊതുസ്വീകരണവും നാളെ (ജൂലൈ 15 ബുധനാഴ്ച) വൈകിട്ട് 4.30-ന് സെക്രട്ടറിയേറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലായിരിക്കും സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുക. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സഹകാർമികരായിരിക്കും.
തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ, കേരള നിയമസഭാ സ്പീക്കർ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എ. മാർ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്ക ബാവ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ. പ്രിൻസ്റ്റൻ ബെൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി, എൻ.എസ്.എസ് വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ, വിവിധ സഭാ മേലധ്യക്ഷന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ, സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സഭയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ സഭയുടെ മീഡിയാ സെൽ ചെയർമാൻ കൂടിയായിരിക്കുന്ന അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശദീകരിക്കും.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തിരുവനന്തപുരം മേഖലാ രൂപീകരണം ഒരു പ്രധാന ചുവടുവെയ്പാണ്. മേഖലയിലെ വിവിധ ദൈവാലയങ്ങൾക്ക് സജീവമായ ബന്ധത്തിലും കൂട്ടായ്മയിലും നിലനിൽക്കുവാനും വികസന-ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ഇതു വഴി തുറക്കും.
തിരുവനന്തപുരം മേഖലയിലെ വിവിധ ഇടവകകളിൽ നിന്നായി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. വിശുദ്ധ ശുശ്രൂഷകൾക്കും സ്വീകരണ സമ്മേളനത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
1966 ഫെബ്രുവരി 1-ന് കോലഞ്ചേരി ഊരമന സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ കൊടികുത്തിയിൽ വർക്കി-സാറാമ്മ ദമ്പതികളുടെ എട്ട് മക്കളിൽ അഞ്ചാമത്തെ പുത്രനായി ജനിച്ചു. ഊരമന ഗവ. ഹൈസ്കൂളിലും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. 1989-ൽ മലേക്കുരിശ് സെമിനാരിയിൽ ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കി ഡീക്കനായി. 1992-ൽ ബംഗളൂരുവിലെ യൂണൈറ്റഡ് തിയോളജിക്കൽ കോളജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി.
1994-ൽ ജർമനിയിൽ ഉപരിപഠനത്തിനായി പോയ അദ്ദേഹം ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് റീഗൻസ്ബർഗ് സർവകലാശാലയിൽ നിന്ന് പുതിയ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
2002 നവംബർ 12-ന് വൈദീകപട്ടം സ്വീകരിച്ചു. 2003 സെപ്റ്റംബർ 29-ന് മെത്രാപ്പോലീത്തയായി അഭിഷിക്തനായി. നിലവിൽ മുളന്തുരുത്തി എം.എസ്.ഒ.ടി. വൈദീക സെമിനാരിയുടെ റസിഡന്റ് മെത്രാപ്പോലീത്ത, യൂറോപ്പ് ഭദ്രാസനാധിപൻ, സഭാ മീഡിയാ സെൽ ചെയർമാൻ, എക്യുമെനിക്കൽ ഓഫീസ് പ്രസിഡന്റ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷൻ അംഗം, കത്തോലിക്ക-സുറിയാനി ഓർത്തഡോക്സ് ജോയിന്റ് കമ്മീഷന്റെ കോ-ചെയർമാൻ, ജർമനിയിലെയും യു.എസ്. സർവകലാശാലകളിലെയും വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.
ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
