ലണ്ടൻ ● വിശുദ്ധ മോർതോമാശ്ലീഹായെ സംശയത്തിന്റെ പ്രതീകമായല്ല, മറിച്ച് സംശയത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ലോകത്തിനു മുമ്പിൽ “എന്റെ കർത്താവും എന്റെ ദൈവവുമേ” എന്ന് ഏറ്റുപറഞ്ഞ വിശ്വാസത്തിന്റെ മഹാസാക്ഷിയായാണ് സഭ ഓർക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്.
അടഞ്ഞ വാതിലുകൾക്കുള്ളിൽ ഭയത്തിലും ആശങ്കകളിലും കഴിയുന്ന ഇന്നത്തെ ലോകത്തിന് ക്രിസ്തു നൽകുന്ന സമാധാനത്തിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് ബാവ പറഞ്ഞു. യുദ്ധഭീഷണി, സാമ്പത്തിക അനിശ്ചിതത്വം, കുടുംബബന്ധങ്ങളിലെ ശിഥിലീകരണം, മാനസിക സമ്മർദം, യുവജനങ്ങളിലെ ആശയക്കുഴപ്പം, വർധിച്ചുവരുന്ന ഏകാന്തത എന്നിവ മനുഷ്യഹൃദയങ്ങളുടെ വാതിലുകൾ അടച്ചിടുന്ന യാഥാർഥ്യങ്ങളാണെന്ന് ബാവ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രവാസജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ കൂടുതൽ ശക്തമായി പ്രകടമാകുന്ന സാഹചര്യത്തിൽ, ക്രിസ്തുവിന്റെ സാന്നിധ്യമാണ് മനുഷ്യനെ യഥാർഥ സമാധാനത്തിലേക്ക് നയിക്കുന്നതെന്നും ബാവ പറഞ്ഞു.
സാഹചര്യങ്ങൾ അനുകൂലമാകുന്നതിലല്ല, ക്രിസ്തുവിന്റെ സാന്നിധ്യം ജീവിതത്തിൽ സൃഷ്ടിക്കുന്ന പരിവർത്തനത്തിലാണ് യഥാർഥ സമാധാനമെന്ന് ബാവ പറഞ്ഞു. പ്രാർത്ഥനയിലും വിശ്വാസികളുടെ കൂട്ടായ്മയിലും നിലകൊള്ളുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കുമെന്നും ബാവ കൂട്ടിച്ചേർത്തു.
മോർതോമാശ്ലീഹയെ സംശയരോഗിയായ അപ്പസ്തോലനായി കാണുന്നത് ശരിയല്ലെന്നും, സത്യത്തെ അന്വേഷിച്ച് വിശ്വാസത്തിന്റെ പൂർണതയിലെത്തിയ അപ്പസ്തോലനായാണ് സഭ അദ്ദേഹത്തെ ഓർക്കുന്നതെന്നും ബാവാ പറഞ്ഞു. “എന്റെ കർത്താവും എന്റെ ദൈവവുമേ” എന്ന തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം പുതിയ നിയമസഭയുടെ അടിസ്ഥാന വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമാണെന്നും ബാവ വ്യക്തമാക്കി.
ക്രിസ്തുവിന്റെ മുറിവുകൾ ക്രിസ്തീയ വിശ്വാസത്തിന്റെ സാക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ബാവ, മുറിവേറ്റ മനസ്സുകളിലും വേദനിക്കുന്ന മനുഷ്യരിലും ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണമെന്നും പറഞ്ഞു. സത്യത്തെ ദൈവം ഒരിക്കലും ഭയപ്പെടുന്നില്ലെന്നും, അതിനാൽ വിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സ്നേഹത്തോടെയും ക്ഷമയോടെയും മറുപടി നൽകാൻ മാതാപിതാക്കളും സഭാസമൂഹവും തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശ്വാസം വെറും വികാരപ്രകടനമല്ല, സമ്പൂർണ സമർപ്പണമാണെന്ന് ചൂണ്ടിക്കാട്ടിയ ബാവ, പ്രാർത്ഥന, വിശുദ്ധ കുർബാന, വിശുദ്ധ വേദധ്യാനം എന്നിവയിലൂടെ കുടുംബങ്ങളെ ഗാർഹിക ദൈവാലയങ്ങളാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞു.
ഇന്ത്യയിൽ മാർ തോമാശ്ലീഹ നടത്തിയ ഏറ്റവും വലിയ ദൗത്യം ഇവിടെ ക്രിസ്തുവിശ്വാസം നട്ടുവളർത്തിയതാണെന്ന് ബാവ പറഞ്ഞു. സഭയുടെ പാരമ്പര്യം ചരിത്രത്തിന്റെ ഭാഗം മാത്രമല്ല, ജീവിക്കുന്ന വിശ്വാസമാണെന്നും, ആ വിശ്വാസത്തിന്റെ അവകാശികളായാണ് ഇന്നത്തെ തലമുറ ജീവിക്കേണ്ടതെന്നും ബാവ ആഹ്വാനം ചെയ്തു.
കൃത്രിമബുദ്ധിയും ഡിജിറ്റൽ ലോകവും അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്ന സമയത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും, സ്ക്രീനുകളുടെ പ്രകാശത്തേക്കാൾ ക്രിസ്തുവിന്റെ പ്രകാശത്തിൽ ജീവിതം നയിക്കാൻ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്നും ബാവാ പറഞ്ഞു.
പണവും സ്ഥാനവും സ്വാധീനവുംകൊണ്ടല്ല യഥാർഥ ജീവിതവിജയം അളക്കപ്പെടുന്നത്; ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും അവിടുത്തെ സാക്ഷിയായി നിലകൊള്ളുകയും ആവശ്യമെങ്കിൽ ത്യാഗം സഹിക്കുകയും ചെയ്യുന്നതാണ് യഥാർഥ വിജയമെന്നും ബാവ പറഞ്ഞു.
വിശ്വാസസമൂഹത്തിൽനിന്ന് അകന്നുനിൽക്കുന്നത് ആത്മീയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും, ഇടവക ഒരു ആരാധനാസമൂഹവും വിശ്വാസയാത്രയുടെ കൂട്ടായ്മയുമാണെന്നും ബാവാ പറഞ്ഞു. ദൈവാലയത്തിൽനിന്ന് ലഭിക്കുന്ന ആത്മീയാനുഭവം കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും തുടർന്നുകൊണ്ടുപോകുമ്പോഴാണ് വിശ്വാസം പൂർണത പ്രാപിക്കുന്നതെന്നും ബാവ ഉദ്ബോധിപ്പിച്ചു.
ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായ്ക്ക് ഇടവകയു ഹൃദ്യമായ സ്വീകരണം നൽകി. തുടർന്ന് പൊതുസമ്മേളനം നടന്നു.









