മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സഹവികാരിയായ ഫാ. കുര്യാക്കോസ് കാലായിൽ (72) കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപ്പനപ്രകാരമായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷ.
മണർകാട് വി. മർത്തമറിയം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച്, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയാണ് കോർഎപ്പിസ്കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത്. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു.
കോർ എപ്പിസ്കോപ്പമാർ, റമ്പാന്മാർ, സഹവികാരിമാർ, വൈദികർ, ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ഗ്രേസി ജോൺ കരിമ്പന്നൂർ അടക്കം സാമൂഹിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ നന്ദി പ്രകാശിപ്പിച്ചു.
ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ വികാരി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പള്ളത്ത്. സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവരാണ് നേതൃത്വം നൽകിയത്.
1976 ജൂലൈ 26-ന് മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് ശെമ്മാശപ്പട്ടവും, 1982 ജൂൺ 27-ന് പുണ്യശ്ലോകനായ അഭിവന്ദ്യ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് വൈദിക പട്ടവും സ്വീകരിച്ച വന്ദ്യ കുര്യാക്കോസ് കാലായിൽ കോർ എപ്പിസ്കോപ്പ തുടർന്ന് കോട്ടയം ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ 44 വർഷമായി മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ സഹവികാരിയായി അദ്ദേഹം ശുശ്രൂഷ നിർവഹിച്ചുവരികയാണ്.
സഭയ്ക്കും വിശ്വാസിസമൂഹത്തിനും നൽകിയ നാല് പതിറ്റാണ്ടിലേറെ നീണ്ട സമർപ്പിത വൈദിക ശുശ്രൂഷയ്ക്ക് ലഭിച്ച അംഗീകാരമായാണ് കോർ എപ്പിസ്കോപ്പ പദവി വിലയിരുത്തപ്പെടുന്നത്. ചടങ്ങിൽ വൈദികരും, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും പങ്കെടുത്തു.








