- ചരിത്രദിനത്തിൽ ശ്രേഷ്ഠ ബാവായുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷ; ചരിത്രനിയോഗത്തിന് പുത്തൻകുരിശ് സാക്ഷ്യം വഹിച്ചു
പുത്തൻകുരിശ് ● ആധുനിക സമൂഹത്തിലെ ദുഷ്ടശക്തികൾക്കും തെറ്റായ സ്വാധീനങ്ങൾക്കും വഴങ്ങാതെ വിശുദ്ധിയോടെ സഭയെ നയിക്കാനും സമകാലിക ജീവിതസാഹചര്യങ്ങളെ വിവേകത്തോടെ തിരിച്ചറിഞ്ഞ് സഭയെ മുന്നോട്ടു നയിക്കാനും നവാഭിഷിക്തനായ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് ദൈവകൃപ ലഭിക്കട്ടെയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ തൃക്കരങ്ങളാൽ നടന്ന മെത്രാഭിഷേക ശുശ്രൂഷയോടനുബന്ധിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ക്രിസ്തുവിന്റെ രക്തത്താൽ സമ്പാദിക്കപ്പെട്ട സഭയെ പരിപാലിക്കുക എന്നതാണ് ഒരു എപ്പിസ്കോപ്പായുടെ പ്രഥമ ദൗത്യമെന്ന് ബാവ ഓർമ്മിപ്പിച്ചു. സഭയിൽ മെത്രാപ്പോലീത്ത പ്രധാനമായും നിർവഹിക്കേണ്ടത് ഇടയശുശ്രൂഷയാണെന്നും, നല്ല ഇടയനായ യേശുക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വഴിയിലൂടെയാണ് ആ ശുശ്രൂഷ പൂർത്തിയാകുന്നതെന്നും ബാവ പറഞ്ഞു.
അനേകം സാമൂഹിക തിന്മകൾ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മനുഷ്യജീവൻ മാത്രമല്ല, പ്രകൃതിയുടെ നിലനിൽപ്പും ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്നും ലാഭേച്ഛയെ അടിസ്ഥാനമാക്കിയുള്ള പ്രകൃതി ചൂഷണമാണ് ഇതിന് പ്രധാന കാരണമെന്നും ബാവ പറഞ്ഞു. മനുഷ്യന്റെയും പ്രകൃതിയുടെയും ജീവൻ സംരക്ഷിക്കാനും സൃഷ്ടിയുടെ പരിപാലനത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടാനും പുതിയ മെത്രാപ്പോലീത്തയ്ക്ക് സാധിക്കട്ടെയെന്ന് ബാവ ആശംസിച്ചു.
ജനങ്ങളോട് ചേർന്നുനിൽക്കുകയും അവരുടെ വേദനകളിലും പ്രതിസന്ധികളിലും പങ്കാളിയാകുകയും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിൽ നേതൃത്വം നൽകുകയും ചെയ്യുക എന്നത് ഒരു മെത്രാപ്പോലീത്തയുടെ സുപ്രധാന ഉത്തരവാദിത്വമാണെന്ന് ബാവ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ ഒരു മെത്രാപ്പോലീത്തയുടെ ദൗത്യം സഭയ്ക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തെ ദൈവരാജ്യ മൂല്യങ്ങൾക്കനുസൃതമായി രൂപാന്തരപ്പെടുത്തുന്നതിനുള്ള ശക്തമായ ഇടപെടലും അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഭാഗമാണെന്ന് ബാവ വ്യക്തമാക്കി.
സഭയെയും സമൂഹത്തെയും ദൈവവുമായി അനുരഞ്ജനപ്പെടുത്തുകയും സാമൂഹിക തിന്മകൾക്കെതിരെ ധീരമായി നിലകൊള്ളുകയും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യേണ്ടത് ഒരു മെത്രാപ്പോലീത്തയുടെ ഇടയദൗത്യമാണെന്ന് ബാവ പറഞ്ഞു.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യത്തോടും വിശ്വാസത്തോടും അചഞ്ചലമായ വിശ്വസ്തത പുലർത്തി, ദൈവാശ്രയത്വത്തോടെയും പരിശുദ്ധാത്മാവിന്റെ നേതൃത്വത്തോടെയും തന്റെ ശുശ്രൂഷ നിർവഹിക്കാൻ നവ മെത്രാപ്പോലീത്തയ്ക്ക് സാധിക്കട്ടെയെന്നും, അദ്ദേഹത്തിന്റെ ശുശ്രൂഷ സഭയ്ക്കും ഭദ്രാസനത്തിനും സമൂഹത്തിനും ഒരുപോലെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ആത്മീയ ഉണർവിന്റെയും കാരണമായിത്തീരട്ടെയെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മദിനവും ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാചരണ സമാപനവുമായ ചരിത്ര ദിനമായ ജൂൺ 30-നാണ് മെത്രാഭിഷേക ശുശ്രൂഷ നടന്നത്.
ആ ചരിത്ര ദിനത്തിൽ ശ്രേഷ്ഠ ബാവായ്ക്ക് ചരിത്ര നിയോഗമായിരുന്നു പുതിയ മെത്രാപ്പോലീത്തായുടെ വാഴിക്കൽ. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ശ്രേഷ്ഠ ബാവായുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷയായിരുന്നു മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയുടെ അഭിഷേകം. ശ്രേഷ്ഠ ബാവയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പുത്തൻകുരിശിൽ ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.
പരിശുദ്ധ പരുമല തിരുമേനിയുടെ കുടുംബത്തിൽ നിന്നുള്ള ശ്രേഷ്ഠ കാതോലിക്ക ബാവയിൽ നിന്നുതന്നെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടാനുള്ള നിയോഗം വലിയ അനുഗ്രഹവും പുണ്യവുമാണെന്ന് നന്ദിപ്രസംഗത്തിൽ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത പറഞ്ഞു. ഈ നിയോഗം ജീവിതത്തിലെ ഏറ്റവും വലിയ ദൈവാനുഗ്രഹങ്ങളിലൊന്നായി കരുതുന്നുവെന്നും അദ്ദേഹം വികാരനിർഭരമായി വ്യക്തമാക്കി.

