മുളന്തുരുത്തി ● പൗരോഹിത്യ ജീവിതം ക്രിസ്തുവിൽ അധിഷ്ഠിതമായിരിക്കണമെന്നും ഓരോ ശുശ്രൂഷകന്റെയും ജീവിതം ക്രിസ്തുവിന്റെ ചുവടുപിടിച്ചുള്ള സഞ്ചാരമാകണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണ് പൗരോഹിത്യത്തിന്റെ അന്തസ്സത്തയെന്ന് ബാവ ഓർമ്മിപ്പിച്ചു. പ്രാർത്ഥന, ഉപവാസം, വചനധ്യാനം, സത്കർമ്മങ്ങൾ എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം വളർത്തണം.
ഈ ദൈവീകബന്ധം നഷ്ടപ്പെട്ടാൽ പൗരോഹിത്യ ശുശ്രൂഷകൾ നീതിപൂർവ്വമായും ധാർമ്മികവുമായ രീതിയിൽ നിർവഹിക്കാൻ സാധിക്കില്ല. ദൈവത്തിനും ജനത്തിനും മധ്യേയുള്ള പാലമായി വൈദികർ മാറണമെന്നും ബാവ കൂട്ടിച്ചേർത്തു.
സെമിനാരി വിദ്യാർത്ഥികൾ ദൈവവചനം ആഴത്തിൽ പഠിക്കുകയും അത് ജീവിതത്തിൽ പകർത്തി മാതൃകയാകുകയും വേണം. വാക്കുകളേക്കാൾ മുൻപ് നിശ്ശബ്ദതയിൽ കർത്താവിനെ ശ്രവിക്കാൻ പഠിക്കണം. ആനുകാലിക ലോകത്തിലെ പ്രശ്നങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താനുള്ള കഴിവ് വൈദിക വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കണമെന്നും ബാവ ചൂണ്ടിക്കാട്ടി.
നല്ല വചനപ്രഘോഷകരാകാൻ നിരന്തരമായ വായനയും ആത്മീയമായ തയ്യാറെടുപ്പും അനിവാര്യമാണ്. വി. കുർബ്ബാനയ്ക്കു ശേഷമുള്ള ഹ്രസ്വമായ പ്രഭാഷണമെങ്കിലും വിശ്വാസികളുടെ ഹൃദയത്തിൽ സ്പർശിക്കുന്ന ദൈവിക സന്ദേശമായിരിക്കണം അത്. “നീ വായിക്കുന്നത് വിശ്വസിക്കുക, വിശ്വസിക്കുന്നത് പ്രഘോഷിക്കുക, പ്രഘോഷിക്കുന്നത് ജീവിതത്തിൽ പ്രവർത്തിക്കുക” എന്ന ആപ്തവാക്യം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ബാവ പറഞ്ഞു.
സേവനം, സഹനം, വിശുദ്ധജീവിതം എന്നിവയാണ് ഒരു ശുശ്രൂഷകന്റെ മുഖമുദ്രകൾ. പദവികളുടെയും പ്രശസ്തിയുടെയും പിന്നാലെ പോകാതെ ദൈവഹിതത്തിന് മുൻഗണന നൽകണം. ‘ഇമ്മാനുവേൽ’ എന്ന ദൈവസാന്നിധ്യത്തിന്റെ സത്യത്തിൽ ഉറച്ച് നിൽക്കുകയും, ഇന്നത്തെ തലമുറയിൽ മറ്റുള്ളവർക്ക് പ്രയോജനകരമായ ശുശ്രൂഷകരായി വളരുകയും ചെയ്യണമെന്ന് വിദ്യാർത്ഥികളോട് ബാവ ആഹ്വാനം ചെയ്തു. വിശ്വാസവും ജീവിതവും ഏകീഭവിക്കുമ്പോഴാണ് യഥാർത്ഥ ദൈവരാജ്യ പ്രഘോഷണം സഫലമാകുന്നത്. ഒരു നല്ല വചനപ്രഘോഷകനാകാൻ നന്നായി പഠിക്കുക, നന്നായി പ്രാർത്ഥിക്കുക,
നന്നായി ജീവിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ബൈബിൾ വായനയും പ്രാർത്ഥനയും ജീവിതസാക്ഷ്യവും ഏകോപിപ്പിച്ചുള്ള ശുശ്രൂഷയാണ് സഭ പ്രതീക്ഷിക്കുന്നതെന്നും, വിനയവും സ്നേഹപൂർണ്ണമായ പെരുമാറ്റവും വൈദികജീവിതത്തിൽ നിർണായകമാണെന്നും ബാവ കൂട്ടിച്ചേർത്തു.
പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ശ്രേഷ്ഠ ബാവ സെമിനാരി ഡിപ്ലോമകൾ സമ്മാനിച്ചു. സെമിനാരി പ്രസിഡൻ്റും റെസിഡന്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അപ്പോസ്തോലിക സഭയുടെ വിശ്വാസവും ആരാധനയും ദൈവശാസ്ത്രവും ആത്മീയതയും കാത്തുസൂക്ഷിക്കുന്ന നിക്ഷേപച്ചെപ്പാണ് വൈദിക സെമിനാരിയെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ക്രിസ്തുവിന്റെ കുരിശിന്റെ പാതയിലൂടെയുള്ള പ്രയാണമായതിനാൽ, ജീവിതത്തിൽ പ്രതിസന്ധികളും കുരിശാനുഭവങ്ങളും സ്വാഭാവികമാണ്. അതിനെ ഒരു അവകാശമായി കണ്ട് സന്തോഷത്തോടെ ഏറ്റെടുക്കണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ക്രിസ്തു നമ്മുടെ കൂടെയുണ്ടെന്ന പൂർണ്ണ വിശ്വാസത്തോടും ദൃഢബോധ്യത്തോടും കൂടെ മുന്നേറുകയും, ഏൽപ്പിക്കപ്പെട്ടിരിക്കുന്ന അജഗണങ്ങൾക്ക് വേണ്ടി നല്ല ഇടയനായ ക്രിസ്തുവിനെ മാതൃകയാക്കി ജീവിതം സമർപ്പിക്കുകയും ചെയ്യുന്നതാണ് വൈദികരുടെ യഥാർത്ഥ നിയോഗമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് അവശരെയും അശരണരെയും ചേർത്തുനിർത്താനുള്ള ദൗത്യം വൈദികർക്കുണ്ടെന്നതും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. മുഖ്യാതിഥിയായിരുന്ന ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. പ്രൊഫ. എ. ഇസ്രായേൽ ഡേവിഡ് കോൺവൊക്കേഷൻ പ്രഭാഷണം നടത്തി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ആശംസ പ്രസംഗം നടത്തി.
സെമിനാരി ക്യാമ്പസിൽ നിന്ന് സെൻ്റ് എഫ്രേം ചാപ്പലിലേക്ക് ആഘോഷമായ ഘോഷയാത്രയോടെ (Procession) ആരംഭിച്ച ബിരുദദാന ചടങ്ങിൽ സ്ഥാപക പ്രിൻസിപ്പൽ വന്ദ്യ ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ സ്വാഗതം ആശംസിച്ചു. എം.എസ്.ഒ.ടി അക്കാദമിക് പ്രിൻസിപ്പൽ ഫാ. ഡോ. അജി ജോർജ് 2025-2026 വർഷത്തെ അക്കാദമിക് ഇയർ റിപ്പോർട്ട് അവതരിപ്പിച്ചു. രജിസ്ട്രാർ പ്രൊഫ. ഫാ. ഡാനിയേൽ തട്ടാറയിൽ ബിരുദധാരികളെ
പരിചയപ്പെടുത്തി. അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ അവാർഡുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണവും ശ്രേഷ്ഠ ബാവ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഫാ. ജോർജ് എം. വടാത്ത് കൃതഞ്ജത രേഖപ്പെടുത്തി.









