പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പൗരാണികമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസ പാരമ്പര്യങ്ങളും വ്യതിയാനം കൂടാതെ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യാക്കോബായ വിശ്വാസികള്‍ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചു.
ശബരിമല കേസുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഇന്റര്‍വെന്‍ഷന്‍ അപേക്ഷയിലാണ് (Intervention Application) വാദം നടന്നത്.
സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ വിശ്വാസികൾക്കായി ഹാജരായി. സഭയുടെ ആചാരപരമായ കാര്യങ്ങളില്‍ ബാഹ്യമായ ഇടപെടലുകള്‍ പാടില്ലെന്നും, നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വിശ്വാസ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാൻ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ചില ഇടവക പള്ളികൾക്ക്, അവയുടെ സ്ഥാപന ഉദ്ദേശ്യങ്ങൾക്കും വിശ്വാസ പാരമ്പര്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സഭയുടെ വിശ്വാസ പാരമ്പര്യം നിലനിർത്താൻ സുപ്രീം കോടതിയുടെ ഇടപെടൽ തേടിയതെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി സമാനമായ വിശ്വാസപരമായ തർക്കങ്ങളിൽ നിർണ്ണായകമാകും എന്നതിനാലാണ് ഈ ഹർജിയ്ക്ക് പ്രത്യേക പ്രസക്തിയുള്ളതെന്നും സഭാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
24/04/2026
