പുത്തൻകുരിശ് ● മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപ്രതീക്ഷിത അപകടം അത്യന്തം വേദനാജനകവും നടുക്കുന്നതുമാണെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
അനുശോചിച്ചു. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്തിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചത് ഉൾക്കൊള്ളാനാവാത്ത വേദനയാണെന്ന് ബാവ പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ബാവ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
ആഘോഷങ്ങൾ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കുവാൻ അതീവ ജാഗ്രതയും ഉത്തരവാദിത്വബോധവും ആവശ്യമാണെന്ന് ബാവ ഓർമ്മിപ്പിച്ചു. ആഘോഷങ്ങളും വിശ്വാസാചരണങ്ങളും ഒരിക്കലും മനുഷ്യജീവനേക്കാൾ വലുതാകരുത്. വെടിക്കെട്ട് നിർമ്മാണ-പ്രയോഗ ശാലകളിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും ബാവ ആവശ്യപ്പെട്ടു.
ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കുവാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.

