പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ്റെ (ജെ.എസ്.ഒ.വൈ.എ) ആഭിമുഖ്യത്തിൽ അഖില അഖില മലങ്കര യുവജന സംഗമവും പാത്രിയർക്കാ ദിനാഘോഷവും പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ നഗറിൽ ആവേശോജ്ജ്വലമായി നടന്നു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ചടങ്ങിനോടനുബന്ധിച്ച് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് വാദ്യമേളങ്ങളുടെയും വാഹനറാലിയുടെയും അകമ്പടിയോടെ യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാവായെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും ജനപ്രതിനിധികളും വിശ്വാസികളും ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേഷ്ഠ ബാവ സമ്മേളന നഗരിയിൽ പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥനയ്ക്കു ശേഷം ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന അർപ്പിച്ചു.
പുണ്യശ്ലോകനായ പെരുമ്പിള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണം, യൂത്ത് അസ്സോസിയേഷൻ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവയും നടന്നു.
യൂത്ത് അസ്സോസിയേഷൻ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മുൻ എം.ജി. സർവകലാശാലാ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തി.
മലയാള സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത നടനും സംവിധായകനും സഭാംഗവുമായ ബേസിൽ ജോസഫിന് ‘പ്രഥമ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ യൂത്ത് ഐക്കൺ അവാർഡ്’ ശ്രേഷ്ഠ ബാവ സമ്മാനിച്ചു. വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ പുരസ്കാരം ലഭിച്ച റോയ് വർഗീസിനെ ആദരിച്ചു.
കായിക, വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച യൂത്ത് അസ്സോസിയേഷൻ അംഗങ്ങളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് അസ്സോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ്. ജോയി, ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, യൂത്ത് അസ്സോസിയേഷൻ ദേശീയ വൈദിക വൈസ് പ്രസിഡൻ്റ് ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ജനറൽ സെക്രട്ടറി കെ.സി പോൾ കൂരൻ, അത്മായ വൈസ് പ്രസിഡൻ്റ് ജെയ്സ് ജോൺ, ജോയിന്റ് സെക്രട്ടറി എൽദോസ് പി. ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
യുവത്വത്തിന്റെ ആത്മീയ ഉണർവ്വും സഭയുടെ ഐക്യശക്തിയും ഒരുമിച്ച് പ്രതിഫലിച്ച മഹാസംഗമമായി സമ്മേളനം മാറി.



















