കോതമംഗലം ● കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന പ്രതിഭകൾക്കായി ഏർപ്പെടുത്തിയ 2026-ലെ ദേശീയ രവീന്ദ്ര രത്ന പുരസ്കാരത്തിന് പ്രശസ്ത ചിത്രകാരനും, എഴുത്തുകാരനുമായ സിജു പുന്നേക്കാട് അർഹനായി.
ഭാരതത്തിന്റെ സാംസ്കാരിക നായകനായ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്കാരം, കലയുടെയും സാഹിത്യത്തിന്റെയും വൈവിധ്യമാർന്ന മേഖലകളിൽ സമന്വിതമായ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ദേശീയ അംഗീകാരമായി പരിഗണിക്കപ്പെടുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ചിത്രകല, ഡിസൈനിംഗ്, സാഹിത്യം എന്നീ രംഗങ്ങളിൽ സജീവ സാന്നിധ്യമായ സിജു പുന്നേക്കാടിന്റെ അനന്യമായ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാര നിർണയ സമിതി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ചിത്രരചനയിൽ തന്റേതായ വ്യത്യസ്ത ശൈലി രൂപപ്പെടുത്തിയ സിജു പുന്നേക്കാട്, 8500-ൽ പരം ഇലസ്ട്രേഷനുകളും ചിത്രകഥകളും സൃഷ്ടിച്ച് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകപ്രശസ്ത വ്യക്തിത്വങ്ങളുടെയും രാഷ്ട്രീയ–സാമൂഹിക നേതാക്കളുടെയും രൂപങ്ങൾ അക്ഷരങ്ങൾ കോർത്തിണക്കി സൃഷ്ടിക്കുന്ന ‘ടൈപ്പോഗ്രാഫി ആർട്ട്’ സങ്കേതത്തിൽ കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി.
വരയ്ക്കൊപ്പം തന്നെ എഴുത്തിലും സജീവമായ ഇദ്ദേഹം നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിലായി 18 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിന് നൽകിയ ഈ സംഭാവനകൾ കൂടി കണക്കിലെടുത്താണ് ദേശീയ തലത്തിലുള്ള ഈ ബഹുമതി ഇദ്ദേഹത്തെ തേടിയെത്തിയത്. കോതമംഗലം മേഖലയിലെ പുന്നേക്കാട് ഗത്സീമോൻ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവാംഗമാണ് സിജു പുന്നേക്കാട്.
