കരിങ്ങാച്ചിറ ● മറ്റുള്ളവരോട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും നമ്മുടെ ഹൃദയവാതിലുകൾ തുറന്നിടുമ്പോഴേ നോമ്പിന് യഥാർത്ഥ അർത്ഥം ലഭിക്കുകയുള്ളുവെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ക്ഷമിക്കാനും, മറക്കാനും, മറ്റുള്ളവരെ ചേർത്തുപിടിക്കാനും തയ്യാറാകുന്നതാണ് യഥാർത്ഥ ഉപവാസമെന്നും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നത് ഭക്ഷണമുപേക്ഷിക്കുന്നതിനേക്കാൾ പുണ്യമാണെന്ന് ബാവ കൂട്ടിച്ചേർത്തു. വലിയ നോമ്പിന് ആരംഭം കുറിച്ചുകൊണ്ട് ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ശുബ്ക്കോനോ (നിരപ്പിൻ്റെ) ശുശ്രൂഷയിൽ പ്രസംഗിക്കുകയായിരുന്നു ബാവ.
“നോമ്പ് വെറുമൊരു ബാഹ്യാചാരമല്ല; അത് നമ്മുടെ ആന്തരിക പരിവർത്തനത്തിനുള്ള ദൈവാനുഗ്രഹീത അവസരമാണ്. ഇത് ഒരു തീർത്ഥാടനവും തിന്മയ്ക്കെതിരെയുള്ള ആത്മീയ യുദ്ധവുമാണ്”. പക, വെറുപ്പ്, അസൂയ തുടങ്ങിയ തിന്മകളെ അതിജീവിച്ച് നന്മയുടെ വിജയത്തിലേക്ക് നടന്നുനീങ്ങാനുള്ള പാതയാണിത്. അന്യായമായ ബന്ധങ്ങളിൽ നിന്നും തെറ്റായ ചിന്തകളിൽ നിന്നും വിടുതൽ നേടി ആത്മീയ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഈ കാലം വിശ്വാസികളെ സഹായിക്കണമെന്നും ബാവ ഓർമ്മിപ്പിച്ചു.
നിരപ്പിന്റെ യഥാർത്ഥ അർത്ഥം ഹൃദയത്തിന്റെ സമതലത്തിലേക്കിറങ്ങി വരുന്നതിലാണെന്ന് ബാവ വിശദീകരിച്ചു. “തല കുനിയുമ്പോൾ അത് ഹൃദയത്തിലേക്കിറങ്ങണം. നെറ്റിയിലും കൈകളിലും തഴമ്പ് വരുത്തുന്ന പ്രാർത്ഥന മാത്രം പോരാ; ആ അടയാളപ്പെടുത്തൽ ഹൃദയത്തിലും സംഭവിക്കണം. ഹൃദയത്തിലേക്ക് ഇറങ്ങിവരാത്ത അനുഷ്ഠാനങ്ങൾ ഫലപ്രദമാകില്ല,” എന്നു ബാവ വ്യക്തമാക്കി.
നമ്മുടെ ‘ശരി’ മറ്റൊരാൾക്ക് വേദനയായിട്ടുണ്ടോ എന്ന ആത്മപരിശോധന ഓരോ വിശ്വാസിയും നടത്തണം. “എന്റെ ശരി എനിക്ക് എന്നും ശരിയായിരിക്കാം; പക്ഷേ അത് അപരനെ മുറിപ്പെടുത്തുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കേണ്ടത് അനിവാര്യമാണ്. ക്ഷമ ചോദിക്കാൻ നമ്മുടെ അഹങ്കാരം തടസ്സമാകുന്നിടത്ത് ഹൃദയത്തിന്റെ നിരപ്പാകൽ അനിവാര്യമാണ്”.
“നോമ്പിൽ ഭക്ഷണം മാത്രമല്ല ഉപേക്ഷിക്കേണ്ടത്. കാഠിന്യമുള്ള വാക്കുകളും അപഹസിക്കുന്ന ഭാഷയും ചെറുതാക്കുന്ന സമീപനവും അതിലുപരി ഉപേക്ഷിക്കണം. വേദനിപ്പിക്കുന്ന ഒരു വാക്ക് പറയുന്നതിന് മുമ്പ് ഒന്ന് ‘pause’ ചെയ്യാൻ നമുക്ക് കഴിയുമോ?” എന്ന് ബാവ ചോദിച്ചു. മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ ശബ്ദവും ഭാവവും മാറി വേദനിപ്പിക്കുന്ന വാക്കുകൾ പുറപ്പെടുന്നുവെന്നും, അത്തരത്തിൽ മൗനം പാലിക്കാൻ ശീലിക്കണമെന്നും ബാവ നിർദ്ദേശിച്ചു. “വാക്കുകൾക്കും മൂർച്ചയുണ്ട്; അവ ജീവൻ പോലും അപഹരിക്കാൻ കഴിയും,” എന്നും ബാവ സമകാലിക സംഭവങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.
ശുബ്ക്കോനോ പള്ളിയിലൊതുങ്ങരുതെന്നും, അത് വീടുകളിൽ ആരംഭിക്കണമെന്നും ബാവ നിർദ്ദേശിച്ചു. “പള്ളിയിൽ ശുബ്ക്കോനോ നടത്തി വീട്ടിൽ കലഹത്തിന്റെ കാഹളം മുഴങ്ങുന്നുവെങ്കിൽ അതിന് അർത്ഥമെന്ത്? ഓരോ കുടുംബത്തിലും ശുബ്ക്കോനോ നടക്കണം. അപ്പനും അമ്മയും മക്കളും പരസ്പരം ക്ഷമ ചോദിക്കുന്ന ഒരു കുടുംബാന്തരീക്ഷം രൂപപ്പെടണം,”. കുടുംബങ്ങളിൽ പരസ്പരസംവാദവും ചേർത്തുപിടിക്കലും ക്ഷമയും വളരേണ്ടതുണ്ടെന്നും, അതാണ് യഥാർത്ഥ ശുബ്ക്കോനോയെന്നും ബാവ കൂട്ടിച്ചേർത്തു.
നോമ്പ് ഉപവാസവും പ്രാർത്ഥനയും മാത്രമല്ല, അതിലുപരി സ്നേഹവുമാണ്. “ഭക്ഷണം കുറച്ചാൽ സ്നേഹം കൂടണം. ഇല്ലെങ്കിൽ അത് ഒരു ഡയറ്റിംഗ് മാത്രമാണ്”.
ഭക്ഷണച്ചെലവിൽ നിന്നുള്ള ലാഭം വിശക്കുന്നവർക്കായി വിനിയോഗിക്കണമെന്നും, ഏകാന്തതയിലും വാർദ്ധക്യത്തിലും കഴിയുന്നവരെ സന്ദർശിച്ച് സ്നേഹവും പിന്തുണയും നൽകണമെന്നും ബാവ ആഹ്വാനം ചെയ്തു.
വിദ്വേഷവും അസഹിഷ്ണുതയും വ്യാപിക്കുന്ന ലോകത്തിൽ ക്രിസ്തുവിന്റെ സമാധാനത്തിന്റെ സാക്ഷികളാകാനുള്ള ആത്മീയ പോരാട്ടമാണ് നോമ്പുകാലം. നോമ്പ് ശരീരനിയന്ത്രണം മാത്രമല്ല; ഹൃദയത്തിന്റെ പുതുക്കലാണ്. ലക്ഷ്യം നല്ലതായാലും തുടക്കം തെറ്റായാൽ യാത്ര പരാജയപ്പെടും. അതിനാൽ ഹൃദയം കീറുവിൻ, വസ്ത്രങ്ങളല്ല,” എന്ന് ബാവ പറഞ്ഞു.
അനുരഞ്ജനത്തിന്റെ കാലമായി ഈ നോമ്പുകാലം മാറി, വിനയത്തോടും ഹൃദയവിശാലതയോടും കൂടിയ ജീവിതത്തിലേക്ക് വിശ്വാസികളെ നയിക്കട്ടെയെന്നും, പരിശുദ്ധാത്മാവ് എല്ലാവരുടെയും ആന്തരിക ശുദ്ധീകരണത്തിനും സമാധാനത്തിനും വഴിയൊരുക്കട്ടെയെന്നും ബാവ പ്രാർത്ഥിച്ചു. കോപത്തിന്റെ നിമിഷങ്ങളിൽ മൗനം പാലിക്കാനും, മാനസിക സന്തുലിതാവസ്ഥ കൈവിടാതെ സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാനും ഏവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ബാവ പ്രസംഗം സമാപിച്ചു.
ഫാ. ജോഷി മാത്യു ചിറ്റേത്ത്, ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ഫാ. ഗീവർഗീസ് തണ്ടായത്ത്, ഫാ. ഷൈജു പഴമ്പിള്ളിൽ എന്നിവർ സഹകാർമികരായി. നൂറുകണക്കിന് വിശ്വാസികൾ ശുശ്രൂഷയിൽ സംബന്ധിച്ചു.














