പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ്റെ (ജെ.എസ്.ഒ.വൈ.എ) ആഭിമുഖ്യത്തിൽ അഖില അഖില മലങ്കര യുവജന സംഗമവും പാത്രിയർക്കാ ദിനാഘോഷവും ഫെബ്രുവരി 22 ഞായറാഴ്ച വൈകിട്ട് 3.30-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കും.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനാഘോഷവും പുണ്യശ്ലോകനായ പെരുമ്പിള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
യൂത്ത് അസ്സോസിയേഷൻ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.
വൈകിട്ട് 3:30-ന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ വാദ്യമേളങ്ങളുടെയും വാഹനറാലിയുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടർന്ന് പാത്രിയർക്കാ പതാക ഉയർത്തലും ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും.
മലയാള സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത നടനും സംവിധായകനും സഭാംഗവുമായ ബേസിൽ ജോസഫിന് ‘പ്രഥമ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ യൂത്ത് ഐക്കൺ അവാർഡ്’ സമ്മാനിക്കും. കായിക ലോകത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സഭാംഗങ്ങളായ സച്ചിൻ ബേബിയെയും, എഡ്വിൻ എൽദോസിനെയും ആദരിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളെയും ചടങ്ങിൽ അനുമോദിക്കും.
വിജയിച്ച അസ്സോസിയേഷൻ അംഗങ്ങളുടെ പേരു വിവരം അതാതു യൂണിറ്റ് സെക്രട്ടറിമാർ ഫെബ്രുവരി 16-ന് മുമ്പ് ഭദ്രാസന/മേഖല സെക്രട്ടറിയെ ഏൽപിക്കണമെന്ന് ജെ.എസ്.ഒ.വൈ.എ ജനറൽ സെക്രട്ടറി കെ.സി പോൾ കുരൻ അറിയിച്ചു.
