കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ദുഃഖ്റോനോ പെരുന്നാളിന് വികാരി ഫാ. ഡോ. ബോബി തറയാനിയിൽ കൊടിയേറ്റി.
ഫെബ്രുവരി 12 വ്യാഴാഴ്ച വൈകിട്ട് 4-ന് താഴത്തെ കുരിശിങ്കലും, 4.15-ന് പിറമാടം കുരിശിങ്കലും, 4.30-ന് നാവോളിമറ്റം കുരിശിങ്കലും, 4.45-ന് കിഴക്കേ കുരിശിങ്കലും കൊടിയേറ്റ് നടന്നു. 6.30-ന് കിഴക്കേ കുരിശിങ്കൽ സന്ധ്യാപ്രാർഥന, 7.30-ന് നാവോളിമറ്റം കുരിശിങ്കലേക്ക് പ്രദക്ഷിണം, 9.15-ന് പ്രസംഗം, നേർച്ച വിളമ്പ് എന്നിവ നടന്നു.
ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 8-ന് കിഴക്കേ കുരിശിങ്കൽ വിശുദ്ധ കുർബ്ബാന, 11-ന് നേർച്ച വിളമ്പ് എന്നിവ നടത്തപ്പെട്ടു. വൈകിട്ട് 6.30-ന് പള്ളിയിൽ വന്ദ്യ ഗബ്രിയേൽ റമ്പാച്ചന്റെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 8-ന് പിറമാടം കുരിശിങ്കലേക്ക് പ്രദക്ഷിണം, 8.45-ന് നേർച്ചസദ്യ എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 7.15-ന് പ്രഭാത പ്രാർത്ഥന, 8.15-ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, 10-ന് പ്രസംഗം, 11-ന് സ്ലീബ എഴുന്നള്ളിപ്പ്, 11.30-ന് പ്രദക്ഷിണം, 12.30-ന് നേർച്ച വിളമ്പ് എന്നിവ നടക്കും.
പെരുന്നാളിന്റെ ഭാഗമായി പള്ളിയിൽ ‘സ്നേഹ സ്പർശം- 2026’ ജീവകാരുണ്യ പദ്ധതിക്കു തുടക്കം കുറിക്കും. ഒരു വർഷത്തേക്ക് 25 പേർക്ക് ചികിത്സ സഹായം, വിദ്യാർഥികൾക്ക് പഠന സഹായം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഡോ. ബോബി തറയാനിയിൽ, ട്രസ്റ്റിമാരായ എം.സി. ബെന്നി മുകളേൽ, തോമസ് കെ.ജെ കോൽകുന്നേൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
