പത്തനംതിട്ട ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി തുടരുന്നു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ സഹകാർമികരായി. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന നടന്നു. ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയും വന്ദ്യ റമ്പാച്ചന്മാരും, വൈദികരും, അനേകം വിശ്വാസികളും സംബന്ധിച്ചു.
പരിശുദ്ധ ബാവായുടെ അനുഗ്രഹം തേടി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികളുടെ വൻ പ്രവാഹമാണ് മഞ്ഞനിക്കരയിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ 6 മണിയോടെ പിറവം മണീട്, ബത്തേരി, മീനങ്ങാടി, കണ്ണൂരിലെ കേളകം എന്നിവിടങ്ങളിൽ നിന്നു വന്ന വടക്കൻ മേഖല, കോതമംഗലം, അടിമാലി ഹൈറേഞ്ച് മേഖലകളിൽ നിന്നും എത്തിയ കാൽനട തീർത്ഥാടകർക്ക് ദയറായിൽ സ്വീകരണം നൽകി.














