തിരുവാണിയൂർ ● സഭയുടെ യഥാർത്ഥ ചരിത്രം വിശുദ്ധ ബൈബിളിൽ അധിഷ്ഠിതമാണെന്നും അത് തിരുത്തിയെഴുതാനോ മഷികൊണ്ട് മായ്ക്കാനോ ആർക്കും സാധിക്കില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. കണ്ണ്യാട്ടുനിരപ്പ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ 54-ാമത് ജൂബിലി സ്മാരക പെരുന്നാളിൽ വി. കുർബ്ബാനയർപ്പണത്തിനു ശേഷം പ്രസംഗിക്കുകയായിരുന്നു ബാവ.
സഭയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കും ചരിത്രത്തെ വളച്ചൊടിക്കാനാകില്ലെന്ന് ബാവ ഓർമ്മിപ്പിച്ചു. “സഭയുടെ സത്യമായ ചരിത്രം എന്നും നിലനിൽക്കും. ദൈവം നൽകുന്ന സമാധാനമാണ് സഭയുടെ കരുത്ത്; അത് ആരുടെയും ഔദാര്യമല്ല. ലോകമുള്ള കാലത്തോളം സഭ ഇതേ നിലയിൽ നിലനിൽക്കും” – ബാവ കൂട്ടിച്ചേർത്തു.
സുവിശേഷം കേവലം പ്രസംഗിക്കാനോ ധ്യാനിക്കാനോ ഉള്ളതല്ല. അത് ജീവിതത്തിൽ പകർത്തി കാണിക്കാനുള്ളതാണ്. സഭാപരമായ തർക്കങ്ങൾക്കിടയിലും ക്രിസ്തീയമായ സ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കാൻ വിശ്വാസികൾ തയ്യാറാകണം. പരിഷ്കൃത സമൂഹത്തിൽ മനുഷ്യത്വം കൈവിടുന്നതും ക്രിസ്തീയ മൂല്യങ്ങൾ മറക്കുന്നതും വലിയ അപമാനമാണ്.
പള്ളിയും അധികാരവും ഉണ്ടെന്ന പേരിൽ മറ്റുള്ളവരെ അകറ്റിനിർത്തുന്നത് ശരിയല്ല. തർക്കങ്ങൾക്കിടയിലും മരിച്ചവരോട് ആദരവ് കാണിക്കണം. മൃതദേഹത്തോട് അനാദരവ് കാണിച്ച മുൻകാല സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഇത്തരം പിഴവുകൾ സംഭവിക്കുന്നത് സുവിശേഷത്തെ ജീവിതവുമായി ബന്ധിപ്പിക്കാത്തതുകൊണ്ടാണെന്ന് ബാവ വ്യക്തമാക്കി. മരിച്ചവർക്ക് അവരുടെ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കണമെന്നും ആ നിമിഷമെങ്കിലും ക്രിസ്ത്യാനിയായി ചിന്തിക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്നും ബാവ ആഹ്വാനം ചെയ്തു.
ഇന്നത്തെ ലോകത്ത് നിയമത്തിന്റെ പിൻബലത്തിലാണ് പല കാര്യങ്ങളെയും വ്യാഖ്യാനിക്കുന്നത്. ലോകനിയമങ്ങൾ പാലിക്കുമ്പോഴും സഭയുടെയും വിശ്വാസത്തിന്റെയും കാര്യത്തിൽ നമ്മെ നയിക്കേണ്ടത് ദൈവവചനമാകണം. സുവിശേഷാധിഷ്ഠിത ജീവിതത്തിൽ നിന്ന് അകലുമ്പോഴാണ് മനുഷ്യൻ ദൈവത്തിൽ നിന്ന് ദൂരസ്ഥനാകുന്നത്. ലൗകിക ജീവിതം താത്കാലികമാണെന്ന ബോധ്യം വേണമെന്നും ജീവിതത്തിന് അർത്ഥമുണ്ടാകാൻ ഒരു മാതൃകാ വ്യതിയാനം ആവശ്യമാണെന്നും ബാവ പറഞ്ഞു.
സമാധാനത്തിന്റെ സന്ദേശവുമായി വന്ന പരിശുദ്ധ ബാവായ്ക്കു പോലും ജീവിതത്തിൽ സമാധാനം അനുഭവിക്കാൻ കഴിഞ്ഞില്ലെന്നും മറിച്ച് അസമാധാനത്തിന്റെ അസ്ത്രങ്ങളാണ് നേരിടേണ്ടി വന്നതെന്നും ബാവ അനുസ്മരിച്ചു. ആ വേദനയോടെയാണ് പരിശുദ്ധ ബാവ സ്വർഗ്ഗീയ യാത്രയായത്. എന്നാൽ അദ്ദേഹത്തിന്റെ സമാധാനത്തിന്റെ ദൗത്യം മരിക്കുന്നില്ല. “സമാധാനം” എന്ന വാക്ക് ചിലരിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അത് ദൈവം നൽകുന്ന സമാധാനമാണ്. ആ കരുത്തിലാണ് സഭ നിലനിൽക്കുന്നത്. സഭയ്ക്കുള്ളിലെ കലഹങ്ങൾ അവസാനിപ്പിച്ച് എല്ലാവരും സ്നേഹത്തോടെ സഹവസിക്കണമെന്നും പരിശുദ്ധ സിംഹാസനം എന്നും സഭയുടെ ആത്മീയ ജ്യോതിസ്സായി നിലനിൽക്കണമെന്നും ബാവ പറഞ്ഞു.
തുടർന്ന് ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ നടന്നു. വികാരി വന്ദ്യ പൗലോസ് കാളിയാമ്മേലിൽ കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. റിജു രാജു വാത്യാപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.


