തൃപ്പൂണിത്തുറ ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വടക്കൻ മേഖലാ കാൽനട തീർത്ഥയാത്ര തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തുടങ്ങി.
മലബാർ ഭദ്രാസനത്തിൽ നിന്നും കൊണ്ടുവന്ന പാത്രിയർക്കാ പതാകയും പ്രധാന രഥവുമായി നടമേൽ പള്ളിയിൽ നിന്നും ആരംഭിച്ച തീർത്ഥയാത്രയെ വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ കൊള്ളന്നൂർ, ഫാ. ജോണി തുരുത്തിയിൽ, ഫാ. സ്ലീബാ കളരിക്കൽ, ഫാ. ഷിബിൻ പെരുമ്പാട്ട് എന്നിവർ ചേർന്ന് ആശീർവദിച്ച് യാത്രയാക്കി.
തീർത്ഥാടകർ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെത്തി അവിടെ നിന്നും വികാരിമാരായ ഫാ. ബേസിൽ കുറൂർ, ഫാ. റിജോ കൊമരിക്കൽ, ഫാ. റ്റിജോ മർക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖയുമായി യാത്ര തുടർന്നു. അന്ത്യോഖ്യാ വിശ്വാസ തീർത്ഥയാത്രാ സംഘം സെക്രട്ടറി സണ്ണി ചൂരക്കുളങ്ങരയുടെ നേതൃത്വത്തിൽ ഫെബ്രുവരി 12-ന് രാവിലെ തീർത്ഥയാത്രാസംഘം മഞ്ഞിനിക്കരയിലെ കബറിങ്കൽ എത്തിച്ചേരും.
